
ചൂടിനൊപ്പം ജില്ലയിൽ സാംക്രമിക രോഗങ്ങളും പടരുന്നു. ദിനംപ്രതി പത്തിലധികം പേർ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ടെന്നാണ് വിവരം. ശുദ്ധമല്ലാത്ത വെള്ളം കുടിക്കുന്നതാണ് പലപ്പോഴും വില്ലനാകുന്നത്. വേനൽ കടുത്തതോടെ ജില്ലയുടെ പല ഭാഗങ്ങളിലും ശുദ്ധജല ദൗർലഭ്യമുണ്ട്. കുടിവെള്ള സ്രോതസുകൾ മലിനമാകുന്നതും രോഗ വ്യാപനത്തിന് കാരണമാകുന്നു. ടാങ്കറുകളിൽ കൊണ്ടുവരുന്നകുടിവെള്ളം ആശ്രയിക്കുന്ന പ്രദേശങ്ങളുടെ എണ്ണവും കൂടിവരികയാണ്. വൃത്തിയില്ലാത്ത വെള്ളം, ഭക്ഷണം എന്നിവ വഴി പകരുന്ന ഹെപ്പറ്റൈറ്റിസ് എ വിഭാഗം വൈറസ് ബാധയാണ് ജില്ലയിൽ പടരുന്നത്. ചൂടുകൂടിയതോടെ പലയിടത്തും കിണറുൾപ്പെടെ വറ്റി മലിനമായിട്ടുണ്ട്. ആഘോഷങ്ങളിലും മറ്റും നൽകുന്ന ശീതളപാനീയം ശുദ്ധമല്ലെങ്കിൽ രോഗം പടരാൻ ഇടയാകും. മഞ്ഞപ്പിത്തത്തിന് പുറമെ ജലജന്യ രോഗങ്ങളായ ടൈഫോയ്ഡ്, വയറിളക്ക രോഗങ്ങൾ, എലിപ്പനി, ഡെങ്കിപ്പനി എന്നിവയും പടരുകയാണ്. രാത്രി തണുപ്പും പകൽ കൂടുതൽ ചൂടും അനുഭവപ്പെടുന്ന കാലാവസ്ഥാ വ്യതിയാനം വെെറൽ പനി പടരുന്നതിനും ഇടയായിട്ടുണ്ട്.രണ്ടാഴ്ചക്കിടെ 95 പേർക്ക് മഞ്ഞപ്പിത്ത രോഗം ബാധിച്ചതായാണ് ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക സ്ഥിരീകരണം.