തിരുവനന്തപുരം: കേരളം മുന്‍പെങ്ങും അനുഭവിക്കാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ഇപ്പോള്‍ കടന്നു പോകുന്നതെന്ന് സാമ്പത്തിക വിദഗ്ദ്ധ മേരി ജോര്‍ജ്ജ്. അതിനുള്ള പ്രധാന കാരണം പിണറായി സര്‍ക്കാരിന്റെ ധനധൂര്‍ത്തും, കെടുകാര്യസ്ഥതയും, അഴിമതിയുമാണെന്നും അവര്‍ പറഞ്ഞു. കേരളത്തില്‍ 2000 മുതല്‍ ധനപ്രതിസന്ധിയുണ്ട്. 1997ലെ ശമ്പള പരിഷ്‌കരണത്തോടെ എല്ലാ സംസ്ഥാനങ്ങളും കടക്കെണിയിലേക്ക് പോയി. പല സംസ്ഥാനങ്ങളും അതില്‍ നിന്ന് കരകയറിയെങ്കിലും കേരളം നില്‍ക്കകള്ളിയില്ലാത്ത ധനപ്രതിസന്ധിയിലേക്ക് കൂപ്പുകുത്തി.

വിവധ വകുപ്പുകള്‍ക്ക് കൊടുക്കുന്ന ഫണ്ട് വിനിയോഗിക്കുന്നില്ല. ഓരോ വകുപ്പുകള്‍ക്കും സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നുണ്ട്. എന്നാല്‍ കണക്കിലെ കളികളാണ് ഇവിടെ സംഭവിക്കുന്നത്. ഓരോ വകുപ്പുകള്‍ക്കും ഫണ്ട് അുവദിക്കുമ്പോള്‍ തന്നെ കൂടുതല്‍ ഫണ്ട് ചിലവഴിക്കരുതെന്നും ബാങ്കില്‍ തന്നെ ഇടണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെടും. സര്‍ക്കാരിന് ആവശ്യമായ സമയത്ത് ഈ പൈസ തിരിച്ചെടുത്ത് സര്‍ക്കാര്‍ തന്നെ ചിലവാക്കുകയാണ് ചെയ്യുന്നത്. അങ്ങനെ വിവിധ വകുപ്പുകള്‍ക്ക് കൊടുത്ത ഫണ്ട് തിരിച്ചെടുത്താണ് സര്‍ക്കാര്‍ ജനുവരി ഫെബ്രുവരി മാസത്തിലെ ശമ്പളം കൊടുത്തത്.

റിസര്‍വ് ബാങ്ക് നടത്തിയ പഠനത്തില്‍ കേരളത്തിന്റെ സഞ്ചിത കടം 29 ശതമാനത്തില്‍ നിര്‍ത്തേണ്ടത് 40 ശതമാനത്തില്‍ എത്തിയതായാണ് കണ്ടെത്തിയിരിക്കുന്നത്. കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കുന്നില്ല. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പ്രഖ്യാപനങ്ങള്‍ ഒന്നും പാലിച്ചിട്ടില്ല. തോമസ് ഐസക്ക് ധനമന്ത്രിയായിരിക്കെ പ്രഖ്യാപിച്ച പാക്കേജുകള്‍ പോലും ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല. നെല്ല്, കൊപ്ര കര്‍ഷകര്‍ ദുരിതത്തിലായത് സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ്. കേരളത്തിലെ കര്‍ഷകര്‍ ദുരിതക്കയത്തിലായിട്ടും അവരെ സഹായിക്കാനുള്ള പണം പോലുമില്ല സര്‍ക്കാരിനെന്നും മേരി ജോര്‍ജ്ജ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *