തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് വികസിപ്പിച്ചെടുത്ത എമര്‍ജന്‍സി, ട്രോമകെയര്‍ സംവിധാനം ഏറ്റവും മികച്ചതെന്ന് ഡബ്ല്യു.എച്ച്.ഒ. ഇന്ത്യ ഡെപ്യൂട്ടി ഹെഡ് പേഡന്‍. മെഡിക്കല്‍ കോളേജിലെ ഇന്റഗ്രേറ്റഡ് എമര്‍ജന്‍സി കെയര്‍ താനുള്‍പ്പെടെയുള്ള സംഘം സന്ദര്‍ശിച്ചു. അവിടത്തെ പ്രവര്‍ത്തനങ്ങള്‍ ഏറ്റവും മികച്ചതെന്ന് നേരിട്ട് ബോധ്യമായതായും ഡബ്ല്യു.എച്ച്.ഒ. ഡെപ്യൂട്ടി ഹെഡ് പറഞ്ഞു. പ്രഥമ അന്താരാഷ്ട്ര കേരള എമര്‍ജന്‍സി മെഡിസിന്‍ സമ്മിറ്റില്‍ സംസാരിക്കുകയായിരുന്നു ഡബ്ല്യു.എച്ച്.ഒ. പ്രതിനിധി.

കേരള എമര്‍ജന്‍സി മെഡിസിന്‍ സമ്മിറ്റില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജുമായി വിദഗ്ധ സംഘം നടത്തിയ ചര്‍ച്ചയിലും ഡബ്ല്യു.എച്ച്.ഒ. ഡെപ്യൂട്ടി ഹെഡ് അഭിനന്ദിച്ചു. അടിയന്തര ചികിത്സാ സംവിധാനം വര്‍ധിപ്പിക്കുന്നതിന് ഈ സര്‍ക്കാരിന്റെ കാലത്ത് ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എമര്‍ജന്‍സി കാഷ്വാലിറ്റി സംവിധാനം പുതിയ കെട്ടിടത്തിലേക്ക് മാറ്റി. ട്രയാജ് സംവിധാനം ഏര്‍പ്പെടുത്തി. മികച്ച സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ തയ്യാറാക്കി. എമര്‍ജന്‍സി മെഡിസിന്‍ സംവിധാനം എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിന് ഒരു ഉന്നതതല കമ്മിറ്റി രൂപീകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. മന്ത്രിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനങ്ങള്‍ നിരന്തരം വിലയിരുത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. അത്യാഹിത വിഭാഗത്തിലെത്തുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞ സമയം കൊണ്ട് കാര്‍ഡിയാക്, സ്‌ട്രോക്ക് ചികിത്സകള്‍ നല്‍കുന്നതിന് ക്രമീകരണം ഏര്‍പ്പെടുത്തി. ചികിത്സാ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് ക്വാളിറ്റി ഇംപ്രൂവ്‌മെന്റ് ഇനിഷ്യേറ്റീവിന്റെ പൈലറ്റ് പ്രോജക്ട് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടപ്പിലാക്കി.

എമര്‍ജന്‍സി മെഡിസിന്‍ രംഗത്ത് കേരളം വലിയ ഇടപെടലുകളാണ് നടത്തിവരുന്നതെന്ന് ഡബ്ല്യു.എച്ച്.ഒ. പ്രതിനിധി പറഞ്ഞു. അടിയന്തര ചികിത്സയ്ക്ക് മാത്രമല്ല അവരെ പരിശീലിപ്പിക്കുന്നതിനും കേരളം പ്രാധാന്യം നല്‍കുന്നു. അപെക്സ് ട്രോമ ആന്റ് എമര്‍ജന്‍സി കെയര്‍ ലേണിംഗ് സെന്ററും സംഘം സന്ദര്‍ശിച്ചു. 7200-ലധികം ഡോക്ടര്‍മാരും നഴ്സുമാരും നഴ്സിങ് അസിസ്റ്റന്റുമാരും എമര്‍ജന്‍സി കെയറില്‍ പരിശീലനം നേടിയ സ്ഥാപനമാണ്. ഇതും പ്രശംസനീയമാണ്. സമഗ്ര ട്രോമകെയര്‍ സംവിധാനം ശക്തിപ്പെടുത്തുന്നതില്‍ തുടര്‍ന്നും പിന്തുണയ്ക്കുമെന്നും ഡബ്ല്യു.എച്ച്.ഒ. പ്രതിനിധി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയായ ഈ ലേണിംഗ് സെന്ററിനെ സൗത്ത് കൊളാബെറേറ്റിംഗ് സെന്ററായി ഉയര്‍ത്തിയെടുക്കാനുള്ള ആഗ്രഹവും അവര്‍ പ്രകടിപ്പിച്ചു.

കേരളത്തിലെ എമര്‍ജന്‍സി, ട്രോമ കെയര്‍ രംഗത്തെ മാറ്റങ്ങള്‍ മന്ത്രി വീണാ ജോര്‍ജ് വിവരിച്ചു. ഇനിയും ഈ രംഗത്ത് കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായാണ് അന്താരാഷ്ട്ര സമ്മിറ്റ് സംഘടിപ്പിച്ചതെന്ന് മന്ത്രി വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍, ലോകാരോഗ്യ സംഘടന, നീതി ആയോഗ്, എയിംസ്, മറ്റ് സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *