കൊച്ചിയിലെ ഹൈ-പ്രൊഫൈൽ പാർട്ടികളിലേക്ക് ലഹരിമരുന്ന് എത്തിച്ചിരുന്ന തൃക്കാക്കര സ്വദേശി കെവിൻ ബി. മാത്യു(42) പിടിയിലായതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ലഹരിക്കടത്തിനായി ഇയാൾ പെൺകുട്ടികളെ ഏജന്റുമാരായി ഉപയോഗിച്ചിരുന്നതായും പോലീസ് കണ്ടെത്തി. മാർച്ചിൽ കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന ആഫ്റ്റർ പാർട്ടിയിൽ ലഹരി എത്തിച്ചത് കെവിനാണെന്ന് പോലീസ് സ്ഥിരീകരിച്ചു. അന്ന് അഭിഭാഷകനും ദന്തഡോക്ടറും ഉൾപ്പെടെ എട്ടുപേർ പിടിയിലായ കേസിൽ മുഖ്യ കണ്ണിയായിരുന്നു ഇയാൾ.
വാഴക്കാലയിൽ നടത്തിയ പരിശോധനയിൽ 183.55 ഗ്രാം എം.ഡി.എം.എയും 93.51 ഗ്രാം എക്സ്റ്റസി ഗുളികകളുമാണ് ഇയാളിൽ നിന്ന് പിടികൂടിയത്. ഒരു ലക്ഷം രൂപയും ഇയാളുടെ പക്കൽ നിന്ന് കണ്ടെടുത്തു. സിനിമകളിൽ അവസരം വാഗ്ദാനം ചെയ്താണ് കെവിൻ പെൺകുട്ടികളെ വലയിലാക്കിയിരുന്നത്. പിന്നീട് ഇവരെ ഭീഷണിപ്പെടുത്തിയും മറ്റും ലഹരി വിതരണത്തിനുള്ള ഏജന്റുമാരായി മാറ്റുകയായിരുന്നു. കഴിഞ്ഞ ഏതാനും വർഷങ്ങളായി ലക്ഷക്കണക്കിന് രൂപയുടെ സാമ്പത്തിക ഇടപാടുകൾ കെവിൻ നടത്തിയിട്ടുണ്ട്. ഇതിന്റെ സ്രോതസ്സ് തേടി പോലീസ് ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചു വരികയാണ്.
