എല്ലാ മാധ്യമ പ്രവർത്തകർക്കും അടിയന്തിര പ്രാധാന്യത്തോടെ വാക്സിനേഷൻ നൽകാൻ പ്രത്യേക സംവിധാനം. ഇത് സംബന്ധിച്ച് സർക്കാരിൻ്റെ പ്രത്യേക ഉത്തരവ് രണ്ടു ദിവസത്തിനകം പുറത്തിറങ്ങും. ഓൺലൈൻ സംവിധാനമാണ് ഒരുക്കുന്നത്. പോർട്ടൽ രണ്ടു ദിവസത്തിനകം സജ്ജമാക്കുമെന്ന് ജില്ല കോവിഡ് വാക്സീൻ നോഡൽ ഓഫിസർ ഡോ. എം.ജി. ശിവദാസ് കേരള പത്രപ്രവർത്തക അസോസിയേഷൻ ജില്ലാ സെക്രട്ടറി കെ കെ സുമേഷിനെ അറിയിച്ചു. കേരള പത്രപ്രവർത്തക അസോസിയേഷൻ നൽകിയ നിവേദനത്തിൻ്റെ അടിസ്ഥാനത്തിലാണ് നടപടി.

ജില്ല ബ്യൂറോകളിൽ ജോലി ചെയ്യുന്നവർക്ക് മാത്രമല്ല പ്രാദേശിക തലത്തിൽ ജോലി ചെയ്യുന്ന പത്ര, ദൃശ്യ, ഓൺലൈൻ മാധ്യമപ്രവർത്തകർക്കും വാക്സിനേഷൻ നൽകണമെന്നാവശ്യപ്പെട്ട് കേരള പത്രപ്രവർത്തക അസോസിയേഷൻ എറണാകുളം ജില്ല കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയൻ, ആരോഗ്യ മന്ത്രി കെ.കെ. ശൈലജ, എറണാകുളം ജില്ല കലക്ടർ എസ്.സുഹാസ് ഐ.എ.എസ്എന്നിവർക്ക് കത്ത് നൽകിയിരുന്നു.

വാക്സിനേഷന് എങ്ങനെ അപേക്ഷിക്കണം എന്നത് ഇപ്പോഴും അവ്യക്തമാണെന്ന് കത്തിൽ ആക്ഷേപം ഉന്നനയിച്ചിരുന്നു. മാധ്യമ സ്ഥാപനങ്ങളുടെ ജില്ല ബ്യൂറോകളിൽ ജോലി ചെയ്യുന്നവരുടെ പേരുവിവരങ്ങൾ ജില്ലാ ഭരണകൂടം ശേഖരിച്ചിരുന്നു. എന്നാൽ പ്രാദേശിക പത്രപ്രവർത്തകർ വാക്സിനേഷന് എങ്ങനെ രജിസ്റ്റർ ചെയ്യണം എന്നത് സംബന്ധിച്ച് അറിയിപ്പുകളൊന്നും ലഭിച്ചിരുന്നില്ല. ജില്ലാ ബ്യൂറോകളേക്കാൾ ജനങ്ങളുമായി കൂടുതൽ സമ്പർക്കം പുലർത്തുന്നവരാണ് പ്രാദേശിക പത്രപ്രവർത്തകർ. എണ്ണത്തിലും കൂടുതൽ പ്രാദേശിക പത്രപ്രവർത്തകരാണ്. പ്രിൻറ്, ദൃശ്യമാധ്യമങ്ങൾ എന്നിവക്കു പുറമെ ഓൺലൈൻ മാധ്യമപ്രവർത്തകരും വാർത്താ ശേഖരണത്തിനായി സജീവമായി രംഗത്തുണ്ട്. അതുകൊണ്ട് തന്നെ പ്രാദേശിക പത്ര പ്രവർത്തകർ പ്രഥമ പരിഗണന അർഹിക്കുന്നുണ്ടെന്നും കത്തിൽ പറയുന്നു. എറണാകുളം ജില്ല കമ്മിറ്റിക്ക് വേണ്ടി പ്രസിഡൻ്റ് യു.യു മുഹമ്മദ് കുഞ്ഞ് സെക്രട്ടറി കെ.കെ സുമേഷ് എന്നിവരാണ് കത്തയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *