സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മറ്റു 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാദ്ധ്യതയുണ്ട്. വടക്കന്‍ തമിഴ്‌നാടിന് മുകളിലും സമീപപ്രദേശങ്ങളിലും ചക്രവാതച്ചുഴി നിലനില്‍ക്കുന്നു. കേരളത്തില്‍ നാളെയും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മേയ് 21 വരെ കടല്‍ പ്രക്ഷുബ്ധമാവാന്‍ സാദ്ധ്യതയുള്ളതിനാല്‍ തീരദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുത്.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ വെള്ളക്കെട്ട് ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്നുണ്ട്. മഴ കനത്തതോടെ കാസര്‍കോട് നീലേശ്വരം പാലായി ഷട്ടര്‍ കം ബ്രിഡ്ജിന്റെ എല്ലാ ഷട്ടറുകളും തുറക്കും. തീരപ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദേശം നല്‍കി.
ഭൂതത്താന്‍കെട്ട് ഡാമിന്റെ 10 ഷട്ടറുകള്‍ ഉയര്‍ത്തി. എട്ട് ഷട്ടറുകള്‍ ഒരു മീറ്റര്‍ വീതവും, രണ്ട് ഷട്ടറുകള്‍ 50 സെന്റി മീറ്റര്‍ വീതവുമാണ് ഉയര്‍ത്തിയിരിക്കുന്നത്. ആകെ 9 മീറ്ററാണ് ഇപ്പോള്‍ ഉയര്‍ത്തി വച്ച് കൂടുതല്‍ വെള്ളം ഒഴുക്കി. 34.95 ആണ് ഡാമിന്റെ പരമാവധി ജലസംഭരണശേഷി. ഇപ്പോഴത്തെ നില 32.10 ആണ് ഇടമലയാറില്‍ നിന്നും ലോവര്‍പെരിയാറില്‍ നിന്നും കൂടുതല്‍ വെള്ളമെത്തിയതോടെയാണ് ഷട്ടര്‍ ഉയര്‍ത്തിയത്. വൃഷ്ടി പ്രദേശത്ത് മഴ ശക്തമാകുകയും ചെയ്തതോടെയാണ് ഷട്ടറുകള്‍ ഉയര്‍ത്താന്‍ തീരുമാനമായത്.