കോഴിക്കോട്: ചെറുവണ്ണൂരിൽ കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ നിർണ്ണായക കണ്ടെത്തൽ. കാറിൽ പെട്രോൾ സാന്നിധ്യം കണ്ടെത്തി. ആസൂത്രിത കൊലപാതകമാണെന്ന് നേരത്തെ യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. പാലേരി കല്ലിക്കണ്ടി സ്വദേശി സോനയാണ് (27) മരിച്ചത്. കൃത്യമായ അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.കഴിഞ്ഞ വെള്ളിയാഴ്ച രാത്രി ഒൻപതരയോടെയായിരുന്നു അപകടം. സോന കാറിന്റെ പിൻ സീറ്റിലായിരുന്നു ഇരുന്നത്. കാറോടിച്ചിരുന്ന സോനയുടെ ഭർത്താവ് റിജിൻലാലിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു.

അതേസമയം, കാറിൽ തീ പട‌‍‌ർന്നത് ഷോർട്ട് സർക്യൂട്ട് കാരണമല്ലെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ഇന്ധന ടാങ്കിന് ചോർച്ച ഇല്ലന്നും കണ്ടെത്തിയിട്ടുണ്ട്. കാറിന്റെ പിൻവശത്ത് നിന്നാണ് തീ കത്തിയതെന്നും കാരണം കണ്ടെത്താൻ പരിശോധനകൾ തുടരുമെന്നും അധികൃത‍‌ർ അറിയിച്ചിട്ടുണ്ട്. ഫോറൻസിക് സംഘത്തിന്റെ പരിശോധനകളും പുരോഗമിക്കുകയാണ്. ആറ് മാസം ഗർഭിണിയായ സോനയെ ആശുപത്രിയിൽ കാണിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് കാറിന് തീ പിടിച്ചത്. 2016 മോഡൽ പെട്രോൾ കാറാണ് കത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *