കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനെതിരായ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആരോപണത്തിൽ പ്രതികരണവുമായി മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയുടെ വാക്കുകൾ നിലവാരത്തിന് ചേർന്നതല്ലെന്ന് ചെന്നിത്തല പറഞ്ഞു.
കോവിഡിനെ കുറിച്ച് വിവരിക്കാൻ നടത്തുന്ന വാർത്താസമ്മേളനത്തിൽ രാഷ്ട്രീയ ആരോപണങ്ങളും വിവാദ പരാമർശവും നടത്തുന്നത് ശരിയല്ല. ആളുകൾ വാർത്താസമ്മേളനം കാണുന്നത് കോവിഡ് കണക്കുകളും ആനുകൂല്യങ്ങളും അറിയാനാണ്. കോവിഡ് കാലത്തെ വാർത്താസമ്മേളനം വിവാദങ്ങൾക്ക് ഉപയോഗിക്കരുത്. വാർത്താസമ്മേളനത്തെ മുഖ്യമന്ത്രി ദുരുപയോഗം ചെയ്യുകയാണെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

പിണറായി വിജയൻ മുഖ്യമന്ത്രി കേസരയിൽ ഇരുന്ന് അനാവശ്യ കാര്യങ്ങൾ പറയാൻ പാടില്ല. പണ്ടും ഇത്തരത്തിൽ പിണറായി പറഞ്ഞിട്ടുണ്ട്. അന്ന് പി.ആർ ഏജൻസികൾ ഉണ്ടായിരുന്നു. ഇന്ന് പി.ആർ ഏജൻസികൾ ഇല്ലാത്തത് കൊണ്ടാവാം നേരിട്ട് വിളിച്ചു പറയുന്നത്. മരംമുറി വിവാദത്തിൽ നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളെയും നേതാക്കളെയും അപമാനിക്കാനായി കോവിഡ് വാർത്താസമ്മേളനത്തെ ഉപയോഗിക്കുന്നു. വിരോധമുള്ളവരെ കരിവാരിത്തേക്കാനുള്ളതല്ല വാർത്താസമ്മേളനമെന്നും ചെന്നിത്തല പറഞ്ഞു.

.

Leave a Reply

Your email address will not be published. Required fields are marked *