കേന്ദ്ര വിഹിതമായി ലഭിക്കുന്ന അരി കീറച്ചാക്കുകളിലാണ് എത്തുന്നതെന്ന പരാതിയെത്തുടര്‍ന്ന് കൊച്ചിയിലെ എഫ്‌സിഐ ഗോഡൗണില്‍ പരിശോധന നടത്തി ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി. ചാക്കുകളുടെ ഗുണ നിലവാരം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് മന്ത്രി ജി ആര്‍ അനില്‍ എഫ്‌സിഐക്ക് കത്ത് നല്‍കി.

കീറിയ ചാക്കുകളില്‍ അരി എത്തുന്ന ചിത്രങ്ങള്‍ കഴിഞ്ഞ ദിവസം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് കേരളത്തിന് ലഭിക്കേണ്ട അരിയുടെ ഗുണനിലവാരം നേരിട്ടറിയാന്‍ മന്ത്രി വില്ലിങ്ടണ്‍ ഐലന്റിലെ എഫ്‌സിഐ ഗോഡൗണിലെത്തിയത്.

മോശം ചാക്കുകളിലെത്തിക്കുന്നതിനാല്‍ കേരളത്തിന് ലഭിക്കുന്ന അരി പാഴാവുകയാണെന്നും ഗുണനിലവാരം ഉറപ്പ് വരുത്തണമെന്നും ആവശ്യപ്പെട്ടുള്ള കത്ത് മന്ത്രി എഫ്‌സിഐ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. കൊവിഡ് സാഹചര്യത്തില്‍ ചാക്കുകള്‍ക്ക് ക്ഷാമമുള്ളതിനാല്‍ വീണ്ടും ഉപയോഗിക്കുന്നത് കൊണ്ടാണ് കേടുപാട് ഉണ്ടായതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പിന്നാലെ സപ്ലൈക്കോയുടെ ഗോഡൗണിലും സന്ദര്‍ശനം നടത്തിയ മന്ത്രി പോരായ്മകള്‍ പരിഹരിക്കുമെന്നുമറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *