തിരുവനന്തപുരം: ആൾക്കൂട്ടത്തിനു നടുവിൽ ജീവിച്ച നേതാവിന്റെ അവസാനയാത്രയും ജനപ്രവാഹത്തിനു നടുവിലൂടെ. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികശരീരവും വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കൊല്ലം ജില്ലയിലേക്ക് കയറി. ചടയമംഗലത്തും വൻ ജനക്കൂട്ടമാണ് അന്ത്യാജ്ഞലി അർപ്പിക്കാൻ എത്തുന്നത്. തിരുവനന്തപുരം ജഗതിയിലുള്ള പുതുപ്പള്ളി ഹൗസിൽനിന്നു രാവിലെ ഏഴേകാലോടെ ആരംഭിച്ച വിലാപയാത്ര, എട്ടു മണിക്കൂറോളം എടുത്താണ് തിരുവനന്തപുരം ജില്ല താണ്ടിയത്.

പിന്നിടുന്ന വഴിയോരങ്ങളില്‍ ആയിരങ്ങളാണ് അന്ത്യാഞ്ജലി അര്‍പ്പിക്കാനായി കാത്തുനില്‍ക്കുന്നത്. പ്രത്യേകം തയാറാക്കിയ കെഎസ്ആർടിസി ബസിലാണ് യാത്ര. വഴിയോരങ്ങളില്‍ കാത്തുനില്‍ക്കുന്ന ആബാലവൃദ്ധം ജനങ്ങള്‍ പെരുമഴ പോലും വകവയ്ക്കാതെ പൂക്കള്‍ അര്‍പ്പിച്ചും കൈകള്‍ കൂപ്പിയും സ്മരണാഞ്ജലികള്‍ അര്‍പ്പിച്ചു. വൈകിട്ടോടെ കോട്ടയം തിരുനക്കര മൈതാനത്ത് പൊതുദര്‍ശനം. തുടര്‍ന്ന് രാത്രിയോടെ പുതുപ്പള്ളിയിലെ കുടുംബവീട്ടിലേക്ക്. എംസി റോഡിൽ പുലർച്ചെ മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. സെന്റ് ജോർജ് ഓർത്തഡോക്സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തിൽ നാളെ 3.30ന് സംസ്കാരം. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും.

കാൻസർ രോഗത്തിനു ചികിത്സയിലായിരുന്നു. ആരോഗ്യം മോശമായതിനെത്തുടർന്നു തിങ്കളാഴ്ച രാത്രി ഇന്ദിരാനഗറിലെ ചിൻമയ മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അന്ത്യ നിമിഷങ്ങളിൽ ഭാര്യ മറിയാമ്മ, മക്കളായ ചാണ്ടി, മറിയ, അച്ചു എന്നിവർ ഒപ്പമുണ്ടായിരുന്നു. രണ്ടു തവണയായി ആറേമുക്കാൽ വർഷം കേരളത്തിന്റെ മുഖ്യമന്ത്രിയായ അദ്ദേഹത്തിന്റെ കർമമണ്ഡലമായിരുന്ന തിരുവനന്തപുരത്ത് ഉച്ചയ്ക്ക് രണ്ടരയോടെ പ്രത്യേക വിമാനത്തിൽ മൃതദേഹമെത്തിച്ചു.

ജഗതിയിലെ പുതുപ്പള്ളി ഹൗസിലും സെക്രട്ടേറിയറ്റ് ദർബാർ ഹാളിലും പാളയം സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രലിലും കെപിസിസി ഓഫിസിലും പൊതുദർശനം. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും യുഡിഎഫ് നേതാക്കളും ജനപ്രതിനിധികളും ദർബാർ ഹാളിൽ ഉമ്മൻ ചാണ്ടിക്ക് ആദരാഞ്ജലി അർപ്പിച്ചു. ഉമ്മൻ ചാണ്ടി കരുത്തനായ നേതാവായിരുന്നെന്നും അടുത്ത സുഹൃത്തിനെയാണു നഷ്ടമായതെന്നും മുഖ്യമന്ത്രി അനുസ്മരിച്ചു. ആൾക്കൂട്ടത്തിലലിഞ്ഞായിരുന്നു തലസ്ഥാന നഗരിയിലെ അന്ത്യയാത്ര. പ്രിയനേതാവിനെ അവസാന നോക്കു കാണാനെത്തിയവർ കരഞ്ഞും മുദ്രാവാക്യം വിളിച്ചും പൂക്കളെറിഞ്ഞും വിട ചൊല്ലി.

1970 മുതൽ തുടർച്ചയായി 53 വർഷം (12 തവണ) പുതുപ്പള്ളി എംഎൽഎയായ ഉമ്മൻ ചാണ്ടിയുടെ പേരിലാണ് കൂടുതൽ കാലം നിയമസഭാ സാമാജികനെന്ന റെക്കോർഡ്. പുതുപ്പള്ളിയിലെ വീട്ടിലും പൊതുദർശനം. 1943 ഒക്ടോബർ 31നു പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ.ചാണ്ടിയുടെയും ബേബിയുടെയും മകനായി ജനിച്ച ഉമ്മൻ ചാണ്ടി, ട്രാവൻകൂർ ലെജിസ്ലേറ്റീവ് കൗൺസിൽ അംഗമായ മുത്തച്ഛൻ വി.ജെ.ഉമ്മന്റെ പാത പിന്തുടർന്നാണു രാഷ്ട്രീയത്തിലെത്തിയത്.

ആലപ്പുഴ കരുവാറ്റ കുഴിത്താറ്റിൽ കുടുംബാംഗംവും കനറാ ബാങ്ക് മുൻ ഉദ്യോഗസ്ഥയുമായ മറിയാമ്മയാണു ഭാര്യ. മറിയ (ഏൺസ്റ്റ് ആൻഡ് യങ്, ടെക്നോപാർക്ക്), അച്ചു (ബിസിനസ്, ദുബായ്), യൂത്ത് കോൺഗ്രസ് നാഷനൽ ഔട്ട്റീച് സെൽ ചെയർമാൻ ചാണ്ടി ഉമ്മൻ എന്നിവർ മക്കൾ. മരുമക്കൾ: പുലിക്കോട്ടിൽ കുടുംബാംഗം ഡോ. വർഗീസ് ജോർജ്, തിരുവല്ല പുല്ലാട് ഓവനാലിൽ കുടുംബാംഗം ലിജോ ഫിലിപ് (ദുബായ്). ഉമ്മൻ ചാണ്ടിയോടുള്ള ആദരസൂചകമായി ഇന്നലെ സംസ്ഥാനത്തു പൊതുഅവധി പ്രഖ്യാപിച്ചിരുന്നു. ഔദ്യോഗിക ദുഃഖാചരണം ഇന്നും തുടരും.

Leave a Reply

Your email address will not be published. Required fields are marked *