കൊച്ചി: കുടുംബത്തെ കര കയറ്റാനായാണ് സുജ വിദേശത്തേക്ക് ജോലി തേടി പോയത്. തിരിച്ചുവരുമ്പോള്‍ വിമാനത്താവളത്തില്‍ കാത്തുനില്‍ക്കാന്‍ രണ്ട് ആണ്‍മക്കളുമുണ്ടാകേണ്ടിയിരുന്നു. മിഥുനും അവന്റെ അനിയനും… എന്നാല്‍ സുജ ഇന്ന് നാട്ടിലെത്തിയപ്പോള്‍ കാത്തുനിന്നത് ഇളയമകന്‍ മാത്രമാണ്. മൂത്തമകന്‍ ജീവനറ്റ് ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലും…ഇളയ മകനെ കണ്ടതോടെ അതുവരെ അടക്കിപ്പിടിച്ച ദുഃഖങ്ങളെല്ലാം അണപൊട്ടി. അതി വൈകാരികമായ രംഗങ്ങള്‍ക്കാണ് നെടുമ്പാശ്ശേരി വിമാനത്താവളം സാക്ഷ്യം വഹിച്ചത്.

കൊല്ലം തേവലക്കര സ്‌കൂളില്‍ വച്ച് ഷോക്കേറ്റ് മരിച്ച മിഥുന്റെ അമ്മ സുജ ഇന്ന് രാവിലെ 9.30 ഓടെയാണ് കുവൈറ്റില്‍ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. ഇളയമകനും സുജയുടെ ചേച്ചിയുമടക്കമുള്ള ബന്ധുക്കള്‍ വിമാനത്താവളത്തില്‍ കാത്തു നിന്നിരുന്നു. വിമാനമിറങ്ങി എത്തിയ സുജ ഇളയമകനെ കണ്ടതോടെ നിയന്ത്രണം വിട്ട് കരയുകയായിരുന്നു.വിമാനത്താവളത്തില്‍ നിന്ന് നേരെ വീട്ടിലേക്ക് സുജയെ കൊണ്ടുപോയി. ഉച്ചയോടെ വീട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ വച്ചിരിക്കുന്ന മിഥുന്റെ മൃതദേഹം 12 മണിവരെ തേവലക്കര ബോയ്‌സ് ഹൈസ്‌കൂളില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. വിലാപ യാത്രയായി വീട്ടിലെത്തിക്കുന്ന മൃതദേഹം അഞ്ച് മണിക്ക് വിളന്തറയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

Leave a Reply

Your email address will not be published. Required fields are marked *