തിരുവനന്തപുരം: സിനിമാ മേഖലയിലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടു. വര്‍ഷങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് 233 പേജുകളുള്ള റിപ്പോര്‍ട്ട് സാംസ്‌കാരിക വകുപ്പ് പുറത്തുവിട്ടത്. റിപ്പോര്‍ട്ടില്‍ വ്യക്തികളെ തിരിച്ചറിയുന്ന വിവരങ്ങള്‍ ഒഴിവാക്കിയിട്ടുണ്ട്.
അപ്പീല്‍ നല്‍കിയ അഞ്ച് പേര്‍ക്ക് റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നേരിട്ട് നല്‍കുകയായിരുന്നു. നാലര വര്‍ഷത്തിനു ശേഷമാണ് റിപ്പോര്‍ട്ട് വെളിച്ചം കാണുന്നത്. റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന് ആവശ്യപ്പെട്ട് നടി രഞ്ജിനി നല്‍കിയ അപ്പീല്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയതോടെയാണ് റിപ്പോര്‍ട്ട് പുറത്തുവിടാന്‍ തീരുമാനമായത്.