കൊച്ചി: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമൻ വിടുതൽ ഹർജിയുമായി കോടതിയെ സമീപിച്ചു. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയിലാണ് ഹർജി സമർപ്പിച്ചത്. മദ്യപിച്ച് വാഹനം ഓടിച്ചതിന് തെളിവില്ലെന്നും സാധാരണ അപകടമെന്ന നിലയിലുള്ള കേസ് മാത്രമേ നിലനിൽക്കു എന്നുമാണ് ഹർജിയിലെ വാദം.
2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെ ഒരു മണിക്കാണ് കേസിനാസ്പദമായ അപകടം നടന്നത്. ശ്രീറാം വെങ്കിട്ടരാമൻ മദ്യ ലഹരിയിൽ വഫയുടെ വോക്‌സ് വാഗൺ കാറിൽ കവടിയാർ ഭാഗത്തു നിന്നും അമിതവേഗതയിൽ പോകവെ പബ്ലിക്ക് ഓഫീസ് മുൻവശം റോഡിൽ വച്ച് ബഷീറിന്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ബഷീറിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മദ്യപിച്ചിരുന്ന ശ്രീറാം വെങ്കിട്ടരാമൻ ഇത് മറച്ചു വെക്കാൻ പൊലീസുമായി ഒത്തുകളിക്കുകയും രക്തസാമ്പിൾ പരിശോധനയ്ക്ക് സമ്മതിക്കാതെ രക്ഷപ്പെടുകയും ചെയ്തിരുന്നു എന്നതായിരുന്നു കുറ്റം.