കൊച്ചി: എറണാകുളം ജില്ലയിലെ കാലടിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. 20 ലക്ഷം രൂപയുടെ ഹെറോയിന്‍ പിടികൂടി. മൂന്ന് ഇതരസംസ്ഥാനക്കാര്‍ അറസ്റ്റിലായി. അസം നൗഗാവ് സ്വദേശികളായ ഗുല്‍ദാര്‍ ഹുസൈന്‍ (32), അബു ഹനീഫ് (28), മുജാക്കിര്‍ ഹുസൈന്‍ (28) എന്നിവരാണ് പൊലീസിന്റെ പിടിയിലായത്.
സോപ്പുപെട്ടികളില്‍ ഒളിപ്പിച്ചാണ് ഇവര്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചത്. അസമിലെ ഹിമപൂരില്‍ നിന്നാണ് ഇവര്‍ ഹെറോയിന്‍ കൊണ്ടു വന്നതെന്നാണ് വിവരം. പൊലീസിന്റെ കണ്ണുവെട്ടിക്കാനായി, തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയ ശേഷം അവിടെ നിന്ന് കെഎസ്ആര്‍ടിസി ബസില്‍ കാലടിയിലെത്തിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കാലടി ബസ് സ്റ്റാന്റിന്റെ പരിസരത്തു നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.