- കോഴിക്കോട് ജില്ലയിൽ 1,350 പട്ടയങ്ങൾ വിതരണം ചെയ്തു
- 100 ദിന കർമ പദ്ധതിയിൽ 10,000 പട്ടയങ്ങളും 50,000 ഭൂമി തരംമാറ്റ അപേക്ഷകളും തീർപ്പാക്കും
കോഴിക്കോട്: സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിന് അത്യന്താപേക്ഷിതമായ വ്യവസായ, വിനോദസഞ്ചാര മേഖലകൾക്ക് ആവശ്യമായ ഭൂമി ലഭ്യമാക്കുന്നതിനായി നിലവിലുള്ള ഭൂപരിമിതികളിലും നിയന്ത്രണങ്ങളിലും ആവശ്യമായ നിയമഭേദഗതികൾ വരുത്താൻ സർക്കാർ തീരുമാനിച്ചതായി റവന്യൂ മന്ത്രി എ.പി. അനിൽകുമാർ. യുവതലമുറയ്ക്ക് സ്വന്തം നാട്ടിൽ തന്നെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ഈ മേഖലകളുടെ വളർച്ച അനിവാര്യമാണ്. നിലവിലുള്ള പഴക്കമുള്ള നിയമ തടസ്സങ്ങൾ പരിഹരിച്ച് വ്യവസായ-ടൂറിസം ആവശ്യങ്ങൾക്ക് ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടികൾ റവന്യൂ വകുപ്പ് വേഗത്തിലാക്കുമെന്നും കോഴിക്കോട് കണ്ടങ്കുളം മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് മെമ്മോറിയല്‍ ജൂബിലിഹാളില്‍ ജില്ലാ പട്ടയമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ മന്ത്രി പറഞ്ഞു.
സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി കോഴിക്കോട് ജില്ലയിൽ മാത്രം 1,350-ലധികം പട്ടയങ്ങളാണ് മന്ത്രിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തത്. സംസ്ഥാനത്താകെ 5,000 പട്ടയങ്ങൾ നൽകാനായിരുന്നു ആദ്യ ലക്ഷ്യമെങ്കിലും നിലവിൽ 6,000-ത്തിലധികം വിതരണം ചെയ്തുകഴിഞ്ഞതായി മന്ത്രി പറഞ്ഞു. പാലക്കാട്, ഇടുക്കി ജില്ലകളിലെ ചടങ്ങുകൾ കൂടി പൂർത്തിയാകുന്നതോടെ 100 ദിവസം കൊണ്ട് 10,000-ത്തിലധികം പട്ടയങ്ങൾ സംസ്ഥാനത്ത് വിതരണം ചെയ്യും. പട്ടയം സർക്കാരിന്റെ ഔദാര്യമല്ല, ജനങ്ങളുടെ അവകാശമാണ്. ബാങ്ക് വായ്പകൾ ലഭിക്കുന്നതിനും കുട്ടികളുടെ പഠനാവശ്യങ്ങൾക്കും വസ്തു കൈമാറ്റത്തിനും പട്ടയം അത്യന്താപേക്ഷിതമാണെന്നും ലക്ഷ്യമിട്ടതിനേക്കാൾ കൂടുതൽ പട്ടയങ്ങൾ വിതരണത്തിനായി ഒരുക്കിയ കോഴിക്കോട് ജില്ലാ കളക്ടറെയും റവന്യൂ ജീവനക്കാരെയും അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.
ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് കെട്ടിക്കിടന്ന രണ്ടര ലക്ഷത്തോളം അപേക്ഷകളിൽ 25,000 എണ്ണം തീർപ്പാക്കാനാണ് 100 ദിന പരിപാടിയിലൂടെ ലക്ഷ്യമിട്ടിരുന്നതെങ്കിലും 50,000-ത്തിലധികം അപേക്ഷകൾ പൂർത്തിയാക്കാൻ സാധിച്ചതായി മന്ത്രി വ്യക്തമാക്കി. 50 മുതൽ 60 വർഷം വരെ പഴക്കമുള്ള റവന്യൂ നിയമങ്ങൾ ജനസൗഹൃദമായി പരിഷ്കരിക്കുന്നതിനായി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പൊതുജനങ്ങൾ വില്ലേജ് ഓഫീസുകൾ കയറിയിറങ്ങുന്നത് ഒഴിവാക്കി അക്ഷയ കേന്ദ്രങ്ങൾ വഴിയോ ഫോൺ വഴിയോ സേവനങ്ങൾ ലഭ്യമാക്കുന്ന സമ്പൂർണ്ണ ഡിജിറ്റലൈസേഷൻ നടപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ഭൂമി തർക്കങ്ങൾക്ക് ശാശ്വത പരിഹാരമായി ഡിജിറ്റൽ സർവേ പൂർത്തിയാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
റവന്യൂ ഓഫീസുകളിലെത്തുന്ന പൊതുജനങ്ങളോട് വിനയത്തോടെയും ഉത്തരവാദിത്തത്തോടെയും ഉദ്യോഗസ്ഥർ പെരുമാറണം. ജനങ്ങളുടെ ആവശ്യങ്ങൾ അനാവശ്യമായി വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും സർക്കാരിന്റെ വാഗ്ദാനങ്ങൾ എല്ലാ മേഖലയിലും നിറവേറ്റി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ അഡ്വ. ഫൈസല്‍ ബാബു എംഎല്‍എ അധ്യക്ഷനായി. എംപിമാരായ എംകെ രാഘവന്‍, ഷാഫി പറമ്പിൽ, എംഎൽഎ മാരായ അഡ്വ കെ ജയന്ത്, അഡ്വ കെ പ്രവീൺകുമാർ, സി കെ കാസിം, എം എ റസാഖ് മാസ്റ്റർ, വി ടി സൂരജ്, പി കെ ഫിറോസ്, അഡ്വ. വിദ്യ ബാലകൃഷ്ണൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹന്‍, ജില്ല കളക്ടര്‍ എംഎസ് മാധവിക്കുട്ടി, സബ് കളക്ടര്‍മാരായ എസ് ഗൗത്ംരാജ്, പി പി അർച്ചന
എ ഡി എം കെ ഷെറീന,അസിസ്റ്റന്റ് കളക്ടർ മാളവിക ജി നായർ, എൽ ആർ ഡെപ്യൂട്ടി കളക്ടർ ഷാമിൻ സെബാസ്റ്റിൻ, മറ്റു ഡെപ്യൂട്ടി കലക്ടർമാർ, തഹസിൽദാർമാർ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
