ദേവികുളം സബ്കളക്ടർക്കെതിരെ വിവാദ പരാമർശവുമായി എം എം മണി എംഎൽഎ. സബ് കളക്ടർ രാഹുൽ കൃഷ്ണ ശർമ തെമ്മാടി ആണെന്നാണ് വിവാദ പരാമർശം. ഭൂപതിവ് ചട്ടവുമായി ബന്ധപ്പെട്ട നടപടികൾ നിർത്തിവയ്ക്കാനാവശ്യപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന്റ നിർദേശം അവഗണിച്ചുവെന്ന് ആരോപിച്ചായിരുന്നു അധിക്ഷേപം.

എം.എം മണിയുടെ വാക്കുകൾ;

‘മുഖ്യമന്ത്രി നിർദേശിച്ചിട്ടും മുഖ്യമന്ത്രിയെ പറ്റി മൈതാന പ്രസംഗം നടത്തിയാൽ മതിയെന്ന് പറഞ്ഞ തെമ്മാടിയാണ് ഇവിടുത്തെ സബ് കളക്ടർ.അത് ഞങ്ങൾക്ക് പൊറുക്കാൻ പറ്റുന്ന കാര്യമല്ല. അയാൾ യുപിക്കാരനോ മധ്യപ്രദേശുകാരനോ ആണെന്നാണ് പറഞ്ഞത്. ഇത് കേരളമാണെന്ന് ഐഎഎസല്ല ഏത് കുന്തമായാലും മനസിലാക്കിയില്ലെങ്കിൽ അത് മനസിലാക്കി കൊടുക്കാനുള്ള നടപടികൾ ഞങ്ങളെടുക്കും’.

മൂന്നാറിലെ സിപിഐഎം ശക്തികേന്ദ്രമായ ഇക്കാനഗറിലെ കയ്യേറ്റം ഒഴിപ്പിക്കാനുള്ള റവന്യുവകുപ്പിന്റെ നീക്കം, വെള്ളത്തൂവലിൽ എംഎം മണിയുടെ സഹോദരന്റേതായ ടൂറിസവുമായി ബന്ധപ്പെട്ട കയ്യേറ്റം കണ്ടെത്തിയത്, ഭൂപതിവ് ചട്ടം ലംഘിച്ചവരുടെ പട്ടയം റദ്ദാക്കാനുള്ള നടപടി തുടങ്ങിയവയാണ് എംഎം മണിയുടെ ആക്ഷേപത്തിന് കാരണങ്ങൾ.

മുഖ്യമന്ത്രി ഇടുക്കിയിലെത്തിയപ്പോൾ റവന്യുവകുപ്പ് കയ്യേറ്റം സംബന്ധിച്ച് സ്വീകരിച്ച നടപടികൾ നിർത്തിവയ്ക്കണമെന്ന് നിർദേശം നൽകിയിരുന്നെന്നാണ് സിപിഐഎം പ്രവർത്തകരുടെ വാദം. ഇത് സബ് കളക്ടർ അംഗീകരിക്കാതിരുന്നതോടയൊണ് സിപിഐഎം കളക്ടർക്കെതിരെ തിരിഞ്ഞത്.

എന്നാൽ മുന്നാറിലെ കയ്യേറ്റം ഒഴുപ്പിക്കാനുള്ള നടപടി നിർത്തിവെക്കാൻ മുഖ്യമന്ത്രി വാക്കാൽ പോലും നിർദ്ദേശിച്ചിട്ടില്ലെന്ന് ദേവികുളം സബ് കളക്ടർ പറഞ്ഞു. സമരം എത്ര ശക്തമായാലും കയ്യേറ്റക്കാരെ പുറത്താക്കാനുള്ള തീരുമാനത്തിൽ നിന്നും പിന്നോട്ടി്ലലെന്നാണ് ജില്ലാ ഭരണകൂടത്തിൻറെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *