വൈകുന്നേരത്തെ റോഡ് ഷോ വലിയ സംഭവമാകുമെന്നും ഇന്ന് പാലക്കാട് അങ്ങാടിപൂരം കാണാമെന്നും ഇടത് സ്ഥാനാർഥി ഡോ.പി.സരിൻ. തന്നെ പ്രകോപിപ്പിക്കരുതെന്ന് കോൺഗ്രസ്‌ നേതാക്കളോട് ആവർത്തിച്ച അദ്ദേഹം പ്രകോപനം തുടർന്നാൽ കൂടുതൽ പേർ തനിക്കൊപ്പം കോൺഗ്രസിൽ നിന്ന് വരുമെന്ന മുന്നറിയിപ്പും നൽകി. താൻ ഒറ്റയ്ക്കാണ് വന്നത്. ഇനിയെങ്കിലും കോൺഗ്രസ് നന്നാകട്ടേയെന്ന് താൻ കരുതിയത് കൊണ്ടാണ് കൂടുതൽ പേരെ ഒപ്പം കൂട്ടാതിരുന്നതെന്നും അദ്ദേഹം പാലക്കാട് പറഞ്ഞു.

പാലക്കാട് ബിഷപ്പിനെ സരിൻ സന്ദർശിച്ചു. ഇതിന് ശേഷമായിരുന്നു പ്രതികരണം. തങ്ങൾ മത്സരിക്കുന്നത് ബിജെപിയെ പരാജയപ്പെടുത്താനാണ്. യുവാക്കളാണ് മത്സരിക്കുന്നത് എന്നതിനാൽ പോസ്റ്ററുകളിലും സാമ്യം ഉണ്ടാകും. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണേട്ടൻ പാലക്കാട്ടേക്ക് വരണ്ട. അവിടെ പൂരം കലക്കി സീറ്റ് പിടിച്ചതു പോലെ ഇവിടെ കലക്കാൻ നോക്കരുത്. തന്നെ ഫോണിൽ വിളിച്ചിരുന്നുവെന്ന് ബിജെപി നേതാവ് കൃഷ്ണകുമാർ സമ്മതിച്ചതിലും സന്തോഷമുണ്ടെന്നും സരിൻ പറഞ്ഞു.

അതെ സമയം പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥി ഡോ.പി.സരിനെ പിന്തുണച്ച് പാലക്കാട് ഡിസിസി മുൻ അധ്യക്ഷൻ എ.വി.ഗോപിനാഥ് രംഗത്തെത്തി . ആരെങ്കിലും ചോദിച്ചാൽ സരിന് വോട്ട് ചെയ്യണമെന്നേ പറയൂ. സരിന്റെ വ്യക്തിപരമായ ക്വാളിറ്റി കൊണ്ടാണ് പിന്തുണക്കുന്നത്. ഈ പിന്തുണ ഇടത് മുന്നണിക്കല്ല. തെരഞ്ഞെടുപ്പു ചൂട് പിടിച്ച ശേഷം പ്രചാരണത്തിന് ഇറങ്ങുമോ എന്ന് പറയാം. സരിൻ പിന്തുണ തേടി വിളിച്ചിരുന്നു. സഹായം ആവശ്യപ്പെട്ടു. വി.ഡി.സതീശൻ, ഷാഫി പറമ്പിൽ എന്നിവർ അടങ്ങുന്ന കോക്കസ് പാർട്ടിയിലില്ല. അവർ അഭിപ്രായം പറയുന്നത് കോൺഗ്രസിലെ ജനാധിപത്യത്തിന്റെ ഭാഗം. തെരഞ്ഞെടുപ്പ് കാലത്ത് പല ഡീലുകളും ഉണ്ടാവുമെന്നും ഗോപിനാഥ്‌ പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *