ആലപ്പുഴ: കാർത്തികപ്പള്ളിയിൽ രണ്ട് വയസുകാരൻ പോഷകാഹാരക്കുറവിനെ തുടർന്ന് മരിച്ച സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. മാതാപിതാക്കളുടെ ഭാഗത്തുനിന്നുള്ള ഗുരുതരമായ അശ്രദ്ധയും പരിചരണക്കുറവുമാണ് കുഞ്ഞിന്റെ മരണത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരണത്തിൽ മറ്റെന്തെങ്കിലും ദുരൂഹതകൾ ഉണ്ടോയെന്നും പോലീസ് പരിശോധിച്ചു വരികയാണ്. ഈ പശ്ചാത്തലത്തിൽ, കുടുംബത്തിലെ മറ്റ് നാല് കുട്ടികളെയും സ്ഥിരമായി സർക്കാർ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുന്നതിനുള്ള നിയമനടപടികളിലേക്ക് ശിശുക്ഷേമ സമിതിയും സാമൂഹ്യനീതി വകുപ്പും കടന്നിട്ടുണ്ട്.
പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പോഷകാഹാരക്കുറവാണ് മരണകാരണമെന്ന് വ്യക്തമായിട്ടുണ്ടെങ്കിലും, സമഗ്രമായ അന്വേഷണത്തിന് ശേഷമേ നടപടികൾ പൂർത്തിയാക്കൂ എന്ന് പോലീസ് അറിയിച്ചു. കാർത്തികപ്പള്ളി സ്വദേശികളായ രാജേഷ് – താര ദമ്പതികളുടെ മകൻ രാഹുലിന്റെ മരണത്തിലാണ് തൃക്കുന്നപ്പുഴ പോലീസ് അന്വേഷണം നടക്കുന്നത്. രാജേഷിന്റെയും താരയുടെയും ഏഴ് കുട്ടികളിൽ രണ്ടാമത്തെ കുട്ടിയാണ് ഒരു വർഷത്തിനിടെ മരണപ്പെടുന്നത്. രണ്ട് വയസുകാരനായ രാഹുൽ കിടക്കയിൽ മരിച്ച നിലയിലാണെന്നാണ് അച്ഛൻ രാജേഷ് പോലീസിനോട് പറഞ്ഞത്. ഏഴാമത്തെ പ്രസവത്തിനായി താരയെ നാട്ടുകാർ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിച്ചതിന് പിന്നാലെയാണ് രാഹുലിന്റെ മരണം സംഭവിച്ചത്.
മാതാപിതാക്കളുടെ ജീവിതരീതിയും കുഞ്ഞുങ്ങളെ പരിപാലിക്കുന്നതിലെ ഗുരുതരമായ അശ്രദ്ധയും ചൂണ്ടിക്കാട്ടി നാട്ടുകാർ മരണത്തിൽ സംശയം പ്രകടിപ്പിച്ചിരുന്നു. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കുട്ടി ഗുരുതരമായ പോഷകാഹാരക്കുറവ് മൂലമാണ് മരിച്ചതെന്ന് കണ്ടെത്തിയത്. കുട്ടിക്ക് കടുത്ത വിളർച്ചയും രക്തക്കുറവും ഉണ്ടായിരുന്നുവെന്ന് പോസ്റ്റ്മോർട്ടത്തിൽ വ്യക്തമായി. 12 കിലോ തൂക്കം ഉണ്ടായിരിക്കേണ്ട സ്ഥാനത്ത് കുഞ്ഞിന് വെറും 7 കിലോ മാത്രമാണുണ്ടായിരുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ താര ഏഴ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിട്ടുണ്ട്. ഇതിൽ ഒരു കുഞ്ഞ് നേരത്തെയും മരണപ്പെട്ടിരുന്നു.
എന്നാൽ കുട്ടികളെ പരിപാലിക്കാൻ മാതാപിതാക്കൾ തയ്യാറാകാറില്ലെന്ന് നാട്ടുകാർ പറയുന്നു. കുട്ടികളെ സ്കൂളിൽ വിടാറില്ലെന്നും നല്ല വസ്ത്രമോ ഭക്ഷണമോ നൽകാറില്ലെന്നും ആരോപണമുണ്ട്. കുട്ടികൾ അലഞ്ഞുതിരിഞ്ഞുനടക്കുന്നത് കണ്ടതിനെ തുടർന്ന് ഏതാനും മാസം മുമ്പ് നാട്ടുകാരും സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥരും ചേർന്ന് താരയെയും കുഞ്ഞുങ്ങളെയും പത്തനാപുരം ഗാന്ധിഭവനിലേക്ക് മാറ്റിയിരുന്നു. എന്നാൽ അവിടെ നിന്നും സ്വന്തം ഇഷ്ടപ്രകാരം താര കുഞ്ഞുങ്ങളുമായി തിരികെ പോരുകയായിരുന്നു. രണ്ട് വയസുകാരന്റെ മരണത്തിന് പിന്നാലെ ബാക്കിയുള്ള നാല് കുട്ടികളെയും സാമൂഹ്യനീതി വകുപ്പ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.
