പത്തനംതിട്ട : പത്തനംതിട്ട ലാഹയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം മറിഞ്ഞു. 44 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഒരു കുട്ടിയടക്കം മൂന്ന് പേരുടെ നില ഗുരുതരമാണ്. ആന്ധ്രയിൽ നിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപ്പെട്ടത്. 10 പേരോളം വാഹനത്തിൽ കുടുങ്ങി കിടന്നിരുന്നു. നാട്ടുകാരുടെ രക്ഷാപ്രവർത്തനത്തിൽ ഏഴ് പേരെ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റി. മൂന്ന് പേർ വാഹനത്തിന് അടിയിൽ കുടുങ്ങിക്കിടക്കുകയാണ്. അഗ്നിരക്ഷാസേനയെത്തി വാഹനത്തിന്റെ ഭാഗം മുറിച്ച് മാറ്റിയാൽ മാത്രമേ ഇവരെ പുറത്തെത്തിക്കാനാകൂ.
18 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ 10 പേരെ പെരുനാട് താലൂക് ആശുപത്രിയിലും ഏഴ് പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകടത്തിൽപ്പെട്ട കുട്ടിയുടെ നില അതീവ ഗുരുതരമാണ്. നേരത്തേ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
മൊബൈൽ നെറ്റ് വർക്കിന് പ്രശ്നമുള്ള സ്ഥലമാണ് ഇത്. അതിനാൽ തന്നെ അപകടം നടന്നത് അറിയാൻ വൈകിയെന്നാണ് ലഭിക്കുന്ന വിവരം. സിപിഎം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു ഈ വഴി യാത്ര സഞ്ചരിക്കുന്നതിനിടെയാണ് അപകടം നടന്നതായി കാണുന്നത്. തുടർന്ന് ബന്ധപ്പെട്ടവരെ വിളിച്ച് അറിയിക്കുകയായിരുന്നു.