കൊച്ചി: യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ അഞ്ചുവയസുകാരനെ പങ്കെടുപ്പിച്ച സംഭവത്തിൽ കേസെടുക്കണമെന്ന് ശിശുക്ഷേമസമിതി.എറണാകുളം ശിശുക്ഷേമ സമിതി പൊലീസിൽ പരാതി നൽകി. ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. കൊച്ചിയിൽ മൂന്ന് വയസുകാരൻ ഓടയിൽ വീണ സംഭവത്തിൽ പ്രതിഷേധിച്ചായിരുന്നു കൊച്ചി കോർപ്പറേഷനിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തിയത്. പ്രതിഷേധത്തിൽ അഞ്ചുവയസുകാരനെ പങ്കെടുപ്പിച്ചതിനെതിരെ വിമർശനം ഉയർന്നിരുന്നു. കുട്ടിയെ ഉടുപ്പില്ലാതെ നിലത്ത് കിടത്തിയായിരുന്നു പ്രതിഷേധം. കുട്ടിയുടെ മേൽ പ്ലാസ്റ്റികും ചുള്ളിക്കമ്പും ഇടുകയും ചെയ്തിരുന്നു.
ഒരു മണിക്കൂറോളം കുട്ടിയെ കോർപ്പറേഷൻ കവാടത്തിൽ കിടത്തി പ്രതിഷേധം തുടർന്നിരുന്നു. അതേസമയം നിയമപ്രശ്നങ്ങൽ അറിഞ്ഞ് തന്നെയാണ് കുട്ടിയെ സമരത്തിന് കൊണ്ടുവന്നതെന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചത്. നേരത്തെ വാട്ടർ അതോറിറ്റിയുടെ സമരത്തിൽ ഇതേ കുട്ടിയെ കുളിപ്പിച്ച് സമരം നടത്തിയിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു.
