പാലക്കാട്: പൊലീസിനെ കണ്ടാൽ താനോടുമെന്നും പിടികൂടാൻ കഴിയില്ലെന്നുമായിരുന്നു മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ പാലക്കാട് മെത്താംഫിറ്റമിനുമായി അറസ്റ്റിലായ ‘വിക്കി തഗ്ഗ്’ എന്ന വിഘ്‌നേഷ് വേണു പറഞ്ഞിരുന്നത്. എന്നാൽ പാലക്കാട് വിക്കി തഗ്ഗിന്റെ ഈ ആത്മവിശ്വാസം തകർന്നടിയുന്നതാണ് കണ്ടത്.ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് സുഹൃത്തിനൊപ്പം വരുന്നതിനിടെ എക്‌സൈസ് കൈ കാണിച്ചിട്ട് നിർത്താതെ പോയ വാഹനം ഉദ്യോഗസ്ഥർ പിന്തുടർന്നു പിടികൂടുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വാളയാർ ടോൾ പ്ലാസയിൽ വാഹന പരിശോധന നടത്തുന്നതിനിടെയാണ് ‘വിക്കി തഗ്’ എന്ന വിഘ്‌നേഷ് എക്‌സൈസ് ഇന്റലിജൻസ് വിഭാഗത്തെ വെട്ടിച്ച് കടന്നു കളയാൻ ശ്രമിച്ചത്.

ഉദ്യോഗസ്ഥർ കൈകാണിച്ചിട്ടും ടോൾ പ്ലാസയിലെ ബാരിക്കേഡ് ഇടിച്ചു തകർത്തായിരുന്നു രക്ഷപ്പടാനുള്ള ശ്രമം. എന്നാൽ ചന്ദ്രനഗർ ഭാഗത്തെത്തിയപ്പോളെക്കും പാലക്കാട് റേഞ്ചിലെ ഉദ്യോഗസ്ഥർ വാഹനം തടഞ്ഞുനിർത്തി. ഇരുവരും ഇറങ്ങി ഓടിയെങ്കിലും പൊലീസ് സമയം കളയാതെ തന്നെ പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ വിശദമായ പരിശോധനയിലാണ് ജാക്കി ലിവറിന് താഴെയായി ഒളിപ്പിച്ച 20 ഗ്രാം മെത്താംഫിറ്റാമിനും പിച്ചള പിടിയുള്ള റിവോൾവറും, വെട്ടുകത്തിയും കാറിൽ നിന്നും കണ്ടെടുത്തത്. നിയമ വിദ്യാർഥിയും സുഹൃത്തുമായി ബെംഗുളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പുറപ്പെട്ട യാത്രയിലാണ് വിക്കി എക്‌സൈസ് പിടിയിലായത്. അറസ്റ്റിലായപ്പോഴും 8 ലക്ഷത്തോളം വരുന്ന ഇൻസ്റ്റഗ്രാം ആരാധകർക്കായി തഗ് ഡയലോഗ് നൽകിയാണ് വിക്കി മടങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *