പാലക്കാട്: പ്രശസ്ത നാടക, സിനിമാ നടി മീനാ ഗണേഷ് (82)അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ ഷൊര്‍ണൂര്‍ പി.കെ ദാസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും , കരുമാടിക്കുട്ടന്, വാല്‍ക്കണ്ണാടി, നന്ദനം, മീശമാധവന്, പുനരധിവാസം തുടങ്ങി 200 ല്‍ പരം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അസുഖബാധിതയായി ചികിത്സയിലായിരുന്നു. സംസ്കാരം വൈകിട്ട് ചെറുതുരുത്തി ശാന്തിതീരം ശ്മശാനത്തില്‍ നടക്കും.
ഷൊര്‍ണൂര്‍ സ്വദേശിയായ മീനയുടെ ഭര്‍ത്താവ് ഗണേഷും അറിയപ്പെടുന്ന നാടകനടനും സിനിമാതാരവുമായിരുന്നു. തമിഴ് സിനിമകളില്‍ അഭിനയിച്ചിരുന്ന നടന് കെ.പി കേശവന്റെ മകളാണ് മീന. സ്കൂള്‍ പഠനകാലത്ത് കൊപ്പം ബ്രദേഴ്സ് ആര്‍ട്ട്സ് ക്ലബ്ബിലൂടെയാണ് മീന ആദ്യമായി നാടകരംഗത്തെത്തുന്നത്. തുടര്‍ന്ന് നാടകത്തില്‍ സജീവമാവുകയും കോയമ്പത്തൂര്‍, ഈറോഡ്, സേലം എന്നിവിടങ്ങളിലെ മലയാളി സമാജങ്ങളിലടക്കം അഭിനയിക്കുകയും ചെയ്തു. 1971 ല്‍ പ്രശസ്ത നാടകരചയിതാവും സംവിധായകനും നടനുമായ എ.എന്‍ ഗണേഷിനെ വിവാഹം ചെയ്യുകയും വിവാഹശേഷം മീനയും ഗണേഷും ചേര്‍ന്ന് പൗര്‍ണമി കലാമന്ദിര്‍ എന്ന പേരില്‍ ഷൊര്‍ണ്ണൂരില്‍ ഒരു നാടക സമിതി തുടങ്ങുകയും ചെയ്തു. പക്ഷേ, സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് മൂന്നുവര്‍ഷത്തിനുള്ളില്‍ ഈ ട്രൂപ്പ് പരിച്ചുവിടേണ്ടി വന്നതിനെത്തുടര്‍ന്ന് വീണ്ടും മറ്റ് സമിതികളുടെ നാടകങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി.
കെപിഎസി, എസ്എല്‍പുരം സൂര്യസോമ, ചങ്ങനാശേരി ഗീഥ, കോട്ടയം നാഷണല്‍ തീയേറ്റേഴ്സ്, അങ്കമാലി പൗര്‍ണമി, തൃശൂര്‍ ഹിറ്റ്സ് ഇന്റര്‍നാഷണല്‍, കൊല്ലം ട്യൂണ, ചാലക്കുടി സാരഥി, തൃശൂര്‍ യമുന, അങ്കമാലി പൂജ എന്നിങ്ങനെ നിരവധി സമിതികളുടെ നാടകങ്ങളില്‍ മീന അഭിനയിച്ചിട്ടുണ്ട്. പാഞ്ചജന്യം, ഫസഹ്, മയൂഖം, സിംഹാസനം, സ്വര്‍ണമയൂരം, ആയിരം നാവുള്ള മൗനം, രാഗം, കാലം, ഉമ്മിണിതങ്ക, പുന്നപ്ര വയലാര്‍, ഇന്ധനം, ഉഷപൂജ, ഒഥല്ലോ, സ്നേഹപൂര്‍വം അമ്മ, നിശാഗന്ധി, പ്രളയം, കാറ്റ് മാറി വീശി, സര്‍ച്ച് ലൈറ്റ്, പാലം അപകടത്തില്‍, ഭരതക്ഷേത്രം, രാജസൂയം, നോക്കുകുത്തികള്‍ തുടങ്ങിയവയാണ് പ്രസിദ്ധമായ നാടകങ്ങള്‍.
സീരിയല്‍ സംവിധായകനായ മനോജ് ഗണേഷ്, സംഗീത എന്നിവരാണ് മക്കള്‍.