കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ മൂന്നാം പതിപ്പ് 2025 ജനുവരി 7 മുതല്‍ 13 വരെയുള്ള തീയതികളിലായി നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നതായി നിയമസഭാ സ്വീക്കര്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പുസ്തകോത്സവത്തിന്റെ ഉദ്ഘാടനം ജനുവരി 7-ന് രാവിലെ 10.30- ന് ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ വച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. ചടങ്ങില്‍ കര്‍ണ്ണാടക സ്പീക്കര്‍ യു.ടി. ഖാദര്‍, പ്രശസ്ത സാഹിത്യകാരന്‍ ദേവദത്ത് പട്‌നായിക് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. വിവിധ വകുപ്പുമന്ത്രിമാര്‍, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍, പ്രതിപക്ഷ ഉപനേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി, തിരുവനന്തപുരം ജില്ലാ കളക്ടര്‍ അനുകുമാരി ഐ.എ.എസ് എന്നിവരും പങ്കെടുക്കും
കല, സാഹിത്യം, സാംസ്‌കാരികം തുടങ്ങിയ മേഖലകളിലെ സമഗ്രസംഭാവനയ്ക്ക് നിയമസഭ നല്‍കുന്ന ‘നിയമസഭാ അവാര്‍ഡി’ന് ഇത്തവണ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് മലയാള സര്‍ഗ്ഗാത്മക സാഹിത്യത്തിന് നിസ്തുല സംഭാവന നല്‍കിയ മയ്യഴിയുടെ പ്രിയ കഥാകാരന്‍ എം മുകുന്ദന്‍ ആണ്. പുസ്തകോത്സവത്തിന്റെ ഉദ്ഘാടനസമ്മേളനത്തില്‍ പുരസ്‌കാരം അദ്ദേഹത്തിന് സമ്മാനിക്കും.
രാഷ്ട്രീയ- കലാ- സാഹിത്യ- സാംസ്‌കാരിക- സിനിമാ മേഖലകളിലെ പല പ്രമുഖ വ്യക്തികളും പങ്കെടുക്കും. വിവിധ സെഗ്മെന്റുകളിലായി പി. സായിനാഥ്, യൂസഫ് തരിഗാമി, ബൃന്ദ കാരാട്ട്, സോയ ഹസ്സന്‍, ഡോ. ശ്രീനിവാസ റാവു, ഡോ. സി. മൃണാളിനി, ആദിത്യ മുഖര്‍ജി, ദേവന്‍ രാമചന്ദ്രന്‍, ടി. പത്മനാഭന്‍, ശശി തരൂര്‍, ജോസി ജോസഫ്, എം. മുകുന്ദന്‍, മധുസൂദനന്‍ നായര്‍, പ്രഭാവര്‍മ്മ, എം.വി. ഗോവിന്ദന്‍ മാസ്റ്റര്‍, പി. കെ. പാറക്കടവ്, സുനില്‍ പി. ഇളയിടം, വിദ്യാധരന്‍ മാഷ്, സന്തോഷ് ജോര്‍ജ് കളങ്ങര, ടി. ഡി. രാമകൃഷ്ണന്‍, എന്‍. എസ്. മാധവന്‍, ബെന്യാമിന്‍, എസ്. ഹരീഷ്, സുഹാരു നുസൈബ കണ്ണനാരി, ഹോര്‍മിസ് തരകന്‍, ജോസി ജോസഫ്, വി. കെ. ശ്രീരാമന്‍, സുഭാഷ് ചന്ദ്രന്‍, മനു എസ്. പിള്ള, മേതില്‍ ദേവിക, ദിവ്യ. എസ്. അയ്യര്‍, അഷ്ടമൂര്‍ത്തി, കെ. വി. മോഹന്‍കുമാര്‍, അശോകന്‍ ചരുവില്‍, ഒ. വി. ഉഷ, ബീന ചന്ദ്രന്‍, ഫാ. ബോബി ജോസ് കട്ടിക്കാട്, കെ. സി. നാരായണന്‍, ജി. ആര്‍. ഇന്ദുഗോപന്‍, വിനില്‍ പോള്‍, എ. എം. ഷിനാസ്, ഇ. സന്തോഷ് കുമാര്‍, അംബികസുതന്‍ മാങ്ങാട്, പ്രിയ എ. എസ്, മുഹമ്മദ് അബ്ബാസ്, അഖില്‍ പി. ധര്‍മ്മജന്‍, വസന്തകുമാര്‍ സാംബശിവന്‍, ഫ്രാന്‍സിസ് നൊറോണ, ജിസ ജോസ്, ജോസഫ് അന്നംകുട്ടി ജോസ്, സി. ജെ. കുട്ടപ്പന്‍, ബിനീഷ് പുതുപ്പണം, സുസ്‌മേഷ് ചന്ദ്രോത്ത്, അശ്വതി ശ്രീകാന്ത്, ബിപിന്‍ ചന്ദ്രന്‍, രമേഷ് പിഷാരടി, രഞ്ജു രഞ്ചിമാര്‍, എ. എം. ബഷീര്‍ തുടങ്ങിയ ഒട്ടേറെ ശ്രദ്ധേയരായ എഴുത്തുകാരും രാഷ്ട്രീയ- സാംസ്‌കാരികപ്രവര്‍ത്തകരും പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
250-ലധികം സ്റ്റോളുകളിലായി 150-ലധികം ദേശീയ അന്തര്‍-ദേശീയ പ്രസാധകരാണ്ഇത്തവണ പുസ്തകോത്സവത്തില്‍ പങ്കെടുക്കുക. പാനല്‍ ചര്‍ച്ചകള്‍ , KLIBE DIALOGUES, KLIBF TALK, എന്റെ എഴുത്തിന്റെയും വായനയുടെയും ജീവിതം, MEET THE AUTHOR, സ്മൃതിസന്ധ്യ, കവിയരങ്ങ്, കഥാപ്രസംഗം, കവിയും കവിതയും, കഥ പറയും പാട്ടുകള്‍, കഥയരങ്ങ്, ഏകപാത്രനാടകം, ഭാവിയുടെ വാഗ്ദാനം, സിനിമയും ജീവിതവും തുടങ്ങിയ പല സെഗ്മെന്റുകളിലായി എഴുപതിലധികം പരിപാടികള്‍ സംഘടിപ്പിക്കുന്നു. 350-ഓളം പുസ്തകപ്രകാശനങ്ങളും 60- ല്‍ അധികം പുസ്തകചര്‍ച്ചകളും ഉണ്ടായിരിക്കും.
കുട്ടികള്‍ക്കായി ‘സ്റ്റുഡന്റ്‌സ് കോര്‍ണര്‍’ എന്ന ഒരു പ്രത്യേക വേദി സജ്ജീകരിക്കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ രചിച്ച പുസ്തകങ്ങള്‍ പ്രകാശനം ചെയ്യാനുള്ള ഒരു വേദിയും കൂടിയാണിത്. വിദ്യാര്‍ത്ഥികള്‍ക്ക് ചെറിയ സറ്റേജ് പ്രോഗ്രാമുകള്‍ ചെയ്യാന്‍ ഇടവേളകളില്‍ അവസരം നല്‍കുന്നുമുണ്ട്. ഇതിനായുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ പുരോഗമിച്ചുവരുന്നു. ഇത്തവണ ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികളെയാണ് പ്രതീക്ഷിക്കുന്നത്. മാജിക് ഷോ, പപ്പറ്റ് ഷോ, തത്സമയ ക്വിസ് മത്സരങ്ങള്‍, ഗെയിമുകള്‍ തുടങ്ങിയ പരിപാടികള്‍ കൂടി കുട്ടികള്‍ക്കായി ഒരുക്കുന്നു. പുസ്തകോത്സവം സന്ദര്‍ശിക്കാന്‍ എത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് നിയമസഭാഹാള്‍, മ്യൂസിയങ്ങള്‍, മൃഗശാല തുടങ്ങിയവ സൗജന്യമായി സന്ദര്‍ശിക്കാനുള്ള പാക്കേജ് ഒരുക്കുന്നുണ്ട്. കൂടാതെ കെ.എസ്.ആര്‍.ടി.സി. യുടെ ഡബിള്‍ ഡെക്കര്‍ ബസ്സില്‍ സിറ്റി റൈഡും ക്രമീകരിച്ചിട്ടുണ്ട്.
പുസ്തകോത്സവത്തിന്റെ സ്റ്റാളുകളില്‍ നിന്നും വാങ്ങുന്ന 100 രൂപയില്‍ കുറയാത്ത ഓരോ പര്‍ച്ചേസിനും നല്‍കുന്ന സമ്മാന കൂപ്പണുകള്‍ നറുക്കിട്ട് എല്ലാദിവസവും 20 വിജയികള്‍ക്ക് 500 രൂപയുടെ പുസ്തകകൂപ്പണ്‍ നല്‍കുന്നതിനും തീരുമാനമായിട്ടുണ്ട്.
ജനുവരി 13-നുള്ളസമാപനചടങ്ങില്‍ ചലച്ചിത്ര താരങ്ങളായ പ്രകാശ് രാജ്, ഇന്ദ്രന്‍സ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുക്കും.