റേഷന്‍കാര്‍ഡിന്റെ പതിപ്പ് അനധികൃതമായി പ്രിന്റ് എടുത്ത് നല്‍കുന്നു

കൊയിലാണ്ടി താലൂക്കില്‍ ചില റേഷന്‍ വ്യാപാരികള്‍ ഒറ്റതിരിഞ്ഞോ സംഘടനാ തലത്തിലോ പൊതുജനങ്ങളില്‍ നിന്നും പണം സ്വീകരിച്ച് പുതിയ തരത്തിലുള്ള റേഷന്‍കാര്‍ഡിന്റെ പതിപ്പ് പ്രിന്റ് എടുത്ത് നല്‍കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായി കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.
പ്രാദേശിക കേന്ദ്രങ്ങള്‍ നിശ്ചയിച്ച് പരസ്യപ്പെടുത്തിയാണ് വിതരണം. ഇത്തരത്തിലുള്ള കാര്‍ഡ് വിതരണപ്രക്രിയ കൊയിലാണ്ടി താലൂക്ക് സപ്ലൈ ഓഫീസിന്റെ അറിവോടെയല്ലെന്ന് അദ്ദേഹം അറിയിച്ചു.
റേഷന്‍കാര്‍ഡ് ഉടമകളായ ഗുണഭോക്താക്കള്‍ക്ക് പുതിയ കാര്‍ഡിന്റെ ഔദ്യോഗിക ആവശ്യങ്ങള്‍ക്ക് അക്ഷയ സെന്ററില്‍ നിന്നും പ്രിന്റ് എടുക്കാവുന്നതാണെന്നും താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു.

പ്ലാനിംഗ് അസിസ്റ്റന്റ് ഇന്റര്‍വ്യൂ 29ന്

അമൃത് പദ്ധതിക്ക് കീഴില്‍ ജി.ഐ.എസ് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട ജോലികള്‍ക്കായി ബി.ടെക് സിവില്‍/ബി.ആര്‍ക്ക്/ബി. പ്ലാനിംഗ്/ആര്‍ക്കിടെക്ച്ചറല്‍ എഞ്ചിനീയറിംഗ് ബിരുദം യോഗ്യതയുളളവരെ മാര്‍ച്ച് 31 വരെയുളള കാലയളവിലേക്ക് പ്ലാനിംഗ് അസിസ്റ്റന്റായി കരാറടിസ്ഥാനത്തില്‍ നിയമിക്കുന്നു. യോഗ്യതയുളളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 29 ന് രാവിലെ 11 മണിക്ക് ചക്കോരത്തുകുളത്തുളള കോഴിക്കോട് ജില്ലാ ടൗണ്‍ പ്ലാനറുടെ കാര്യാലയത്തില്‍ നടത്തുന്ന വാക്ക് ഇന്‍ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണമെന്ന് ടൗണ്‍ പ്ലാനര്‍ അറിയിച്ചു. ഫോണ്‍ : 0495 2369300.

റീ ടെണ്ടര്‍ ക്ഷണിച്ചു

മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പ് നടപ്പിലാക്കുന്ന ഇടിഞ്ഞകുന്ന് മണ്ണിടിച്ചില്‍ പ്രദേശത്തെ മണ്ണിടിച്ചില്‍ പ്രതിരോധ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്തു നടത്തുന്നതിന് റീ ടെണ്ടര്‍ ക്ഷണിച്ചു. അവസാന തീയതി ജനുവരി 28 ന് അഞ്ച് മണി വരെ. ഫോണ്‍ – 0495 2370790.

മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് ഡിപ്ലോമ

സ്റ്റേറ്റ് റിസോഴ്സ് സെന്ററിനു കീഴിലെ എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് 2022 ജനുവരി സെഷനില്‍ ആരംഭിക്കുന്ന ഒരു വര്‍ഷത്തെ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് ഡിപ്ലോമ കോഴ്സിനും രണ്ട് വര്‍ഷത്തെ അഡ്വാന്‍സ്ഡ് ഡിപ്ലോമ കോഴ്സിനും അപേക്ഷ ക്ഷണിച്ചു. വിദൂരവിദ്യാഭ്യാസ രീതിയില്‍ നടത്തുന്ന കോഴ്സിന് കോണ്ടാക്ട് ക്ലാസ്സുകളും ഇന്റേണ്‍ഷിപ്പും ടീച്ചിംഗ് പ്രാക്ടീസും പഠന പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. പ്ലസ്ടുവോ ഏതെങ്കിലും ടീച്ചര്‍ ട്രെയിനിംഗ് കോഴ്സോ ഏതെങ്കിലും ഡിപ്ലോമയോ പാസ്സായവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 31. ഒരു വര്‍ഷത്തെ മോണ്ടിസോറി ടീച്ചര്‍ ട്രെയിനിംഗ് ഡിപ്ലോമ കഴിഞ്ഞവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി അഡ്വാന്‍സ് ഡിപ്ലോമയുടെ രണ്ടാംവര്‍ഷ കോഴ്സിലേക്ക് ലാറ്ററല്‍ എന്‍ട്രി സൗകര്യം ലഭ്യമാണ്. വിശദവിവരങ്ങള്‍ www.srccc.in വെബ്സൈറ്റില്‍ ലഭിക്കും. ചേരാനാഗ്രഹിക്കുന്നവര്‍ ഓക്സ് ഫോര്‍ഡ് കിഡ്സ്, കോഴിക്കോട് (8089379318), എം.എസ് ഹീലിംഗ് ലൈറ്റ് ഇന്റര്‍നാഷണല്‍, കോഴിക്കോട് ( 9446258845, 9495592687) സ്റ്റഡി സെന്ററുമായി ബന്ധപ്പെടുക.

തീയതി നീട്ടി
സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോർപ്പറേഷൻ നടപ്പിലാക്കി വരുന്ന മംഗല്യ സമുന്നതി പദ്ധതി (2021-22) ലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 25ന് വൈകിട്ട് അഞ്ചു വരെ ദീർഘിപ്പിച്ചു. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും www.kswcfc.org സന്ദർശിക്കുക.

പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ്: വെരിഫിക്കേഷൻ പൂർത്തിയാക്കണം
പട്ടികജാതി വിഭാഗം വിദ്യാർഥികളുടെ ഇ-ഗ്രാന്റ്‌സ് മുഖേനയുളള പോസ്റ്റ്‌മെട്രിക് സ്‌കോളർഷിപ്പ് ലഭിക്കുന്നതിനായി പുതുതായി അപേക്ഷിക്കുന്നതും റിന്യൂവൽ ചെയ്യുന്നതുമായ വിദ്യാർഥികൾ അവരുടെ മൊബൈൽ നമ്പർ, അക്കൗണ്ട് നമ്പർ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുത്തി ജനുവരി 31നകം വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുഖേന വെരിഫിക്കേഷൻ പൂർത്തിയാക്കണമെന്ന് പട്ടികജാതി വികസന വകുപ്പ് ജോയിന്റ് ഡയറക്ടർ അറിയിച്ചു. സർക്കാർ/ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്നവർ സ്ഥാപനങ്ങളിലെ പ്രിൻസിപ്പൽ ലോഗിൻ മുഖേനയും സ്വാശ്രയ സ്ഥാപനങ്ങളിൽ പഠിക്കുന്നവർ അതത് ജില്ലാ പട്ടികജാതി വികസന ഓഫീസുകൾ മുഖേനയുമാണ് വെരിഫിക്കേഷൻ നടത്തേണ്ടത്.
2021-22 വർഷം മുതൽ സ്‌കോളർഷിപ്പ് തുകയുടെ 60 ശതമാനം കേന്ദ്ര സർക്കാർ നേരിട്ട് വിദ്യാർഥികളുടെ അക്കൗണ്ടിലേക്ക് നൽകുന്നതിനാൽ അതാത് അധ്യയന വർഷം തന്നെ സ്‌കോളർഷിപ്പിന് അപേക്ഷിച്ച് അംഗീകാരം വാങ്ങാത്ത വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് ലഭിക്കുന്നതല്ല. 2021-22 വർഷത്തെ സ്‌കോളർഷിപ്പ് അപേക്ഷിക്കുന്നതിനും റിന്യൂവൽ ചെയ്യുന്നതിനുമുളള അവസാന തീയതി 2022 മാർച്ച് 15 ആയിരിക്കും. അതിനു മുമ്പായി 2021-22 വർഷം സ്‌കോളർഷിപ്പിന് അർഹതയുളള എല്ലാ വിദ്യാർഥികളും സൈറ്റിൽ രജിസ്റ്റർ ചെയ്ത് അംഗീകാരം വാങ്ങിയിരിക്കണം. റിന്യൂവൽ അപേക്ഷകളും ഈ തീയതിക്കു മുമ്പായി സ്ഥാപനങ്ങൾ ഫോർവേഡ് ചെയ്തിരിക്കണം. 2022 മാർച്ച് 15 ന് സൈറ്റ് ക്ലോസ് ചെയ്യുന്നതാണ്. പിന്നീട് അപേക്ഷ സമർപ്പിക്കുവാൻ അവസരമുണ്ടായിരിക്കുന്നതല്ല.
2021-22 വർഷം മുതൽ വിദ്യാർഥികളുടെ അലവൻസും സ്ഥാപനത്തിന് ഒടുക്കുവാനുളള ഫീസും വിദ്യാർഥികളുടെ അക്കൗണ്ടിലേക്കാണ് നൽകുന്നത്. 40% തുക സംസ്ഥാന സർക്കാർ വിദ്യാർഥികളുടെ അക്കൗണ്ടിലേക്ക് നൽകുകയും കേന്ദ്ര വിഹിതം 60 ശതമാനം കേന്ദ്ര സർക്കാർ നേരിട്ട് വിദ്യാർഥികളുടെ അക്കൗണ്ടിലേക്ക് നൽകുകയും ചെയ്യും. തുക അക്കൗണ്ടിൽ ലഭിച്ച് ഏഴ് ദിവസത്തിനകം വിദ്യാർഥികൾ സ്ഥാപനത്തിനു നൽകുവാനുളള തുക സ്ഥാപനത്തിൽ ഒടുക്കേണ്ടതാണ്. സ്ഥാപനത്തിനുളള തുകയുടെയും വിദ്യാർഥിക്ക് അർഹമായ തുകയുടെയും വിവരങ്ങൾ സ്റ്റുഡന്റ് പ്രൊഫൈലിലും പ്രിൻസിപ്പൽ ലോഗിനിലും ലഭ്യമാണ്.
എല്ലാ സ്ഥാപന മേധാവികളും ഇക്കാര്യം അതാത് സ്ഥാപനങ്ങളിലെ പട്ടികജാതി വിഭാഗം വിദ്യാർത്ഥികളെ അറിയിക്കേണ്ടതും അവസാന തീയതിക്കു മുമ്പായി അപേക്ഷ സമർപ്പിക്കുവാനുളള നിർദ്ദേശം നൽകേണ്ടതുമാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് അതാത് ജില്ലാ പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടണം.

ഡെപ്യൂട്ടേഷൻ ഒഴിവ്
തിരുവനന്തപുരം സാംസ്‌കാരിക വകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ 63,700-1,23,700 രൂപ ശമ്പള സ്‌കെയിലിൽ 02.03.2022ൽ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്ന ഒരു ഡെപ്യൂട്ടി ഡയറക്ടറുടെ ഒഴിവിലേക്ക് ഒരു വർഷത്തേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുന്നതിന് സംസ്ഥാന സർക്കാർ വകുപ്പുകളിൽ അണ്ടർ സെക്രട്ടറി/ സമാന തസ്തികയിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരിൽ നിന്നും മേലധികാരി മുഖേന നിശ്ചിത പ്രൊഫോർമയിൽ അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകർ കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന നിയമനം നേടിയവരും 63,700-1,23,700 രൂപ ശമ്പള സ്‌കെയിലിൽ ജോലി ചെയ്യുന്നവരും അംഗീകൃത സർവകലാശാലയിൽ നിന്ന് കലാ, സാഹിത്യം, ചരിത്രം എന്നീ വിഷയങ്ങളിൽ ഏതെങ്കിലുമൊന്നിൽ അൻപത്തിയഞ്ച് ശതമാനത്തിൽ കുറയാത്ത മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവരുമായിരിക്കണം. അപേക്ഷകൾ ഡയറക്ടർ, സാംസ്‌കാരിക വകുപ്പദ്ധ്യക്ഷ കാര്യാലയം, അനന്ത വിലാസം കൊട്ടാരം, ഫോർട്ട് പി.ഒ, തിരുവനന്തപുരം-23, ഫോൺ: 0471-2478193, ഇ-മെയിൽ വിലാസം: culturedirectoratec@gmail.com എന്ന വിലാസത്തിൽ ഫെബ്രുവരി 11നകം ലഭിക്കണം.

Leave a Reply

Your email address will not be published. Required fields are marked *