അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ പൊതു അവധി പ്രഖ്യാപിച്ച് കൂടുതൽ സംസ്ഥാനങ്ങൾ. മധ്യപ്രദേശിലും സർക്കാർ സ്ഥാപനങ്ങൾക്കടക്കം ഉച്ചവരെ അവധി പ്രഖ്യാപിച്ചു. ബിജെപി ഭരിക്കുന്ന 10 സംസ്ഥാനങ്ങളാണ് ഇതിനോടകം ജനുവരി 22ന് പൊതു അവധി പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് ഉച്ചവരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചും നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചും തിങ്കളാഴ്ച പ്രവർത്തിക്കില്ലെന്ന് ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ, അയോധ്യയിൽ പ്രതിഷ്ഠാ ദിനത്തോടനുബന്ധിച്ചുള്ള ചടങ്ങുകൾ അഞ്ചാം ദിവസവും തുടരും.അതേ സമയം, അയോധ്യ ക്ഷേത്ര പ്രതിഷ്ഠയ്ക്ക് മുന്നോടിയായി തമിഴ്നാട്ടിൽ പ്രധാനമന്ത്രിയുടെ ക്ഷേത്രപര്യടനത്തിന് ഇന്ന് തുടക്കം. രാവിലെ 11 മണിക്ക് തിരുച്ചിറപ്പള്ളി ശ്രീരംഗം ക്ഷേത്രത്തിൽ മോദി എത്തും. കമ്പ രാമായണ പാരായണത്തിൽ പങ്കുചേരും. രണ്ടു മണിക്ക് രാമേശ്വരത്ത് എത്തുന്ന മോദി രാമനാഥസ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തും. വൈകീട്ട് വരെ ക്ഷേത്രത്തിൽ തുടരുന്ന മോദി, തീർത്ഥം അയോധ്യയിലേക്ക് കൊണ്ടുപോകുമെന്നും റിപ്പോർട്ടുണ്ട്. നാളെ ധനുഷ്കോടിയിലെ കോതണ്ടരാമ ക്ഷേത്രവും മോദി സന്ദർശിക്കും.

Leave a Reply

Your email address will not be published. Required fields are marked *