
കേരള മനസാക്ഷിയെ ഞെട്ടിച്ച ഷാരോൺ വധക്കേസ് ശിക്ഷ വിധി ഇന്ന്
വിധിയറിയാൻ ഇനി മണിക്കൂറുകൾ മാത്രം .നെയ്യാറ്റിൻകര അഡീഷ്ണൽ സെഷൻസ് കോടതിയാണ് വിധി പറയുന്നത്. ഒന്നാം പ്രതിയായ ഗ്രീഷ്മയും ,മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവൻ നിർമൽകുമാറും കുറ്റക്കാരാണെന് കോടതി കണ്ടെത്തിയിരുന്നു. വിധി പ്രസ്താവത്തിന് മുന്നേയുളള പ്രോസിക്യൂഷൻ്റേയും പ്രതിഭാഗത്തിന്റെയും അന്തിമവാദം കഴിഞ്ഞ ദിവസം പൂർത്തിയായി. ഗ്രീഷ്മക്ക് ചെകുത്താന്റെ മനസാണന്നും പരമവധി ശിക്ഷ നൽകണമെന്നുമാണ് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടത്. ഗ്രീഷ്മയുടെ പ്രായം പരിഗണിച്ച് ശിക്ഷയിൽ ഇളവ് നൽകണമെന്ന് പ്രതിഭാഗവും വാദിച്ചു .പ്രതിയായ ഗ്രീഷ്മക്ക് പറയാനുള്ളത് കോടതിയിൽ എഴുതി നൽകി. തെളിവുകളുടെ അഭാവത്തിൽ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ നേരത്തെ വിട്ടിരുന്നു. ഇന്ന് 11 മണിക്ക് കോടതി നടപടികൾ ആരംഭിക്കും. വിധി കേൾക്കാൻ ഷാരോൺ രാജിന്റെ മാതാപിതാക്കളും കോടതിയിൽ എത്തും.2022 ഒക്ടോബറിലായിരുന്നു കേരളത്തിനെ നടുക്കിയ കൊല നടന്നത്. നാലുവർഷമായി പ്രണയത്തിലായിരുന്നു ഷാരോണും ഗ്രീഷ്മയും. ഇരുവരുടെയും പ്രണയം ഗ്രീഷ്മയുടെ വീട്ടിലറിഞ്ഞതോടെ ബന്ധത്തിൽ നിന്ന് പിന്മാറാൻ ഗ്രീഷ്മയോട് കുടുംബം ആവശ്യപ്പെടുകയും മറ്റൊരു വിവാഹാലോചന ഉറപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഷാരോണിനെ ബന്ധത്തിൽ നിന്ന് ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും ഷാരോൺ പിന്മാറാൻ തയ്യാറായിരുന്നില്ല. തുടർന്നാണ് ഗ്രീഷ്മയും കുടുംബവും ഷാരോണിനെ ബന്ധത്തിൽ നിന്ന് പിന്മാറാൻ പദ്ധതി തയ്യാറാക്കുന്നത്. ഷാരോണിനെ വീട്ടിലേക്ക് ക്ഷണിച്ച ഗ്രീഷ്മ വിഷം കലർത്തിയ കഷായം നൽകുകയായിരുന്നു. ഗ്രീഷ്മയുമായി കണ്ടുമുട്ടി തിരികെ വീട്ടിലേക്ക് പോകുന്നതിനിടെ ഷാരോൺ ഛർദ്ദിച്ച് അവശനാകുകയും ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പതിനൊന്ന് ദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് ഷാരോൺ മരണത്തിന് കീഴടങ്ങുന്നത്