തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരായ പ്രതിഷേധങ്ങൾക്കിടെ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് കാസർകോട് എത്തും. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന പ്രതിരോധ ജാഥയുടെ ഉദ്ഘാടനം അടക്കം അഞ്ച് പൊതുപരിപാടികളിലാണ് മുഖ്യമന്ത്രി ഇന്ന് പങ്കെടുക്കുക. പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ ജില്ലയിൽ കനത്ത പൊലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

കാസർകോട് ജില്ലാ പൊലീസ് മേധാവിയുടെ ചുമതലയിലാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. 15 ഡിവൈഎസ്പിമാരടക്കം 900 പൊലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്. ജില്ലയിലെ 600 പൊലീസുകാർക്ക് പുറമെ കണ്ണൂർ, കോഴിക്കോട്, വയനാട് ജില്ലകളിൽ നിന്ന് 300 പൊലീസുകാരെ അധികമായി വിളിച്ചുവരുത്തിയിട്ടുണ്ട്. അതേസമയം മുഖ്യമന്ത്രിയുടെ പരിപാടികളിൽ കറുപ്പിന് വിലക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

നികുതി വർധനയ്‌ക്കെതിരെ വ്യാപക പ്രതിഷേധത്തിലാണ് പ്രതിപക്ഷം. ഇതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിക്ക് നേരെയുള്ള പ്രതിഷേധങ്ങൾ. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുമെന്ന് യൂത്ത് കോൺഗ്രസും കെഎസ്‌യുവും വ്യക്തമാക്കിയതിന് പിന്നാലെ മുഖ്യമന്ത്രി സഞ്ചരിച്ചിരുന്ന പലയിടങ്ങളിലും പ്രതിഷേധം ഉയർന്നിരുന്നു.മുഖ്യമന്ത്രിക്ക് നേരെ തുടർച്ചയായി കരിങ്കൊടി പ്രതിഷേധങ്ങളുണ്ടാകുന്ന പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തിപ്പെടുത്തുന്നത്. മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോകുന്ന വഴികളിലെല്ലാം പൊലീസിനെ വിന്യസിക്കും. അതേസമയം പ്രതിഷേധങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *