ഹർഷീനക്ക് സർക്കാരിൽ നിന്ന് ഒരു സഹായവും ലഭിച്ചിട്ടില്ല, ചികിത്സാസഹായം പ്രതിപക്ഷമാണ് നോക്കുന്നതെന്ന് വി ഡി സതീശൻ. പാലക്കാട് ഒരു കുട്ടിയുടെ കൈ നഷ്ടപ്പെട്ടു. അതിനു പകരം കൈ പോലും നൽകാൻ മനസ്സാക്ഷിയില്ലാത്ത സർക്കാരാണ് ഭരിക്കുന്നത്. സർക്കാർ ആശുപത്രികളിൽ നിന്ന് അനാസ്ഥ ഉണ്ടാകുമ്പോൾ , അവരെ സഹായിക്കാൻ പോലും തയ്യാറാകുന്നില്ലെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.
കേരളത്തിലെ മെഡിക്കൽ കോളേജുകളിലേക്ക് ചെന്നാൽ താലൂക്ക് ആശുപത്രികളിലേക്കും ജില്ലാ ആശുപത്രികളിലേക്കും ആണ് റഫർ ചെയ്യുന്നത്. സിസ്റ്റത്തിന്റെ പ്രശ്നമാണ്, അത് പരിഹരിക്കാൻ ആരോഗ്യ വകുപ്പ് തയ്യാറാകുന്നില്ല. ഒരു നാടിൻറെ നട്ടെല്ല് തകർത്ത് തരിപ്പണമാക്കിയാണ് സർക്കാർ ഇറങ്ങുന്നത്. കേരളത്തിൻറെ ഇരുണ്ട യുഗം ആണ് കഴിഞ്ഞുപോയതെന്നും അദ്ദേഹം വിമർശിച്ചു.
ശബരിമല സ്വർണ്ണകൊള്ളയിൽ തന്ത്രിയെ ജയിലിൽ ഇട്ടത് എന്തിനാണ് എന്ന് എസ്ഐടി പറയണം. എന്താണ് പങ്കാളിത്തം എന്ന് വ്യക്തമാക്കണം. തെളിവിന്റെ ഒരു അംശം പോലും ഇല്ല എന്നാണ് കോടതി പറഞ്ഞത്. എന്താണ് തന്ത്രിയെ അറസ്റ്റ് ചെയ്യാനുള്ള കാരണം എന്ന് എസ്ഐടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിപിഐഎമിൽ നിന്ന് കോൺഗ്രസിൽ വരുന്നവർക്ക് സ്ഥാനമാനം കൊടുക്കുന്നത്തിലും വി ഡി സതീശൻ പ്രതികരിച്ചു. കോൺഗ്രസിൽ നിന്ന് മറ്റു പാർട്ടികളിലേക്ക് പോകുന്നവർക്കും സ്ഥാനമാനങ്ങൾ നൽകാറുണ്ടല്ലോ എന്നായിരുന്നു മറുപടി.
