ബിഹാറിലെ വെസ്റ്റ് ചമ്പാരണ്‍ ജില്ലയിൽ പോലീസ് കസ്റ്റഡിയില്‍ യുവാവ് മരിച്ചതിനെത്തുടര്‍ന്ന് അക്രമാസക്തരായ ജനക്കൂട്ടം പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ച് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തി. കല്ലേറിലും വെടിവെപ്പിലും തീവെപ്പിലും ഒന്‍പത് പോലീസുകാര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ നാലുപേരുടെ നില ഗുരുതരമാണ്.

ഹോളി ആഘോഷത്തിനിടെ ഡി.ജെ പാര്‍ട്ടിയില്‍ അശ്ലീല പാട്ടുവച്ചതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത അനിരുദ്ധ യാദവ് യുവാവാണ് പോലീസ് മരിച്ചത്. പോലീസ് സ്‌റ്റേഷനില്‍വച്ച് ശനിയാഴ്ച കടന്നല്‍കുത്തേറ്റാണ് യുവാവ് മരിച്ചതെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍ ചോദ്യംചെയ്യലിനിടെ മര്‍ദ്ദനമേറ്റാണ് യുവാവ് മരിച്ചതെന്ന് ആരോപിച്ച് ജനക്കൂട്ടം സംഘടിച്ചെത്തിയാണ് അക്രമം നടത്തിയത്.

ഗുരുതര പരിക്കേറ്റ റാം ജതന്‍ റായ് എന്ന പോലീസ് ഉദ്യോഗസ്ഥനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അക്രമികള്‍ മൂന്ന് പോലീസ് വാഹനങ്ങള്‍ക്കും, രണ്ട് സ്വകാര്യ കാറുകള്‍ക്കും, അഗ്നിശമന സേനയുടെ ഒരു വാഹനത്തിനും തീവച്ചു.അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പത്തിലധികം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ഇതേ സമയം മര്‍ദ്ദനമേറ്റാണ് യുവാവ് മരിച്ചത് എന്ന ആരോപണം ചമ്പാരണ്‍ പോലീസ് സൂപ്രണ്ട് നിഷേധിച്ചു. പോലീസ് സ്‌റ്റേഷനില്‍വച്ച് കടന്നല്‍കുത്തേറ്റാണ് യുവാവ് മരിച്ചതെന്ന് അദ്ദേഹം അവകാശപ്പെട്ടു. വ്യാപക അക്രമമാണ് അരങ്ങേറിയതെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *