പഞ്ചാബിലെ ലുധിയാനയില്‍ ചോക്ലേറ്റ് കഴിച്ചതിനു പിന്നാലെ രക്തം ഛര്‍ദിച്ച് ഒന്നര വയസുകാരി മരിച്ചു. കാലാവധി കഴിഞ്ഞ ചോക്ലേറ്റ് ആണു കുഞ്ഞ് കഴിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്. പട്യാലയിലെ ബേക്കറിയില്‍നിന്നു വാങ്ങിയ ചോക്ലേറ്റ് കഴിച്ചാണു ലുധിയാന സ്വദേശികളായ ദമ്പതികളുടെ മകള്‍ റാബിയ മരിച്ചതെന്ന് ‘ന്യൂസ് 9 ലൈവ്’ റിപ്പോര്‍ട്ട് ചെയ്തു. ചോക്ലേറ്റ് കഴിച്ചതിനു പിന്നാലെ കുഞ്ഞ് അവശനിലയിലാകുകയും രക്തം ഛര്‍ദിച്ചു മരിക്കുകയുമായിരുന്നുവെന്നു മാതാപിതാക്കള്‍ വെളിപ്പെടുത്തി. ഏതാനും ദിവസങ്ങള്‍ക്കുമുന്‍പ് പട്യാലയിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു ഇവര്‍. വീട്ടില്‍നിന്നു ബന്ധുക്കള്‍ നല്‍കിയ ചോക്ലേറ്റ് ആണ് കുഞ്ഞ് കഴിച്ചത്.
കുട്ടിയുടെ മരണത്തില്‍ ബന്ധുക്കളുടെ പ്രതിഷേധത്തിനു പിന്നാലെ പട്യാലയിലെ കടയില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. ചോക്ലേറ്റ് ഉള്‍പ്പെടെയുള്ള മിഠായികളുടെയും മധുരപലഹാരങ്ങളുടെയും സാംപിളുകള്‍ ശേഖരിച്ചു. കാലാവധി തീര്‍ന്നതും പഴകിയതുമായ വസ്തുക്കളും കടയില്‍നിന്നു പിടിച്ചെടുത്തതായി റിപ്പോര്‍ട്ടുണ്ട്. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.