
സമൂഹമാധ്യമത്തിൽ ദിവ്യ എസ് അയ്യർ ഐഎഎസിനെതിരെ അശ്ലീല കമന്റിട്ട ദലിത് കോൺഗ്രസ് നേതാവിനെതിരെ നടപടി. ദലിത് കോൺഗ്രസ് എറണാകുളം ജില്ലാ സെക്രട്ടറി ടി.കെ പ്രഭാകരനെ സസ്പെൻഡ് ചെയ്തു. ഇത്തരം പ്രവർത്തികൾ അംഗീകരിക്കാനാവില്ലെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് വ്യക്തമാക്കി.സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട കെ കെ രാഗേഷിനെ പ്രശംസിച്ച് ദിവ്യ പങ്കുവച്ച സമൂഹമാദ്ധ്യമ കുറിപ്പ് ഏറെ വിവാദമായിരുന്നു.ദിവ്യയുടെ കുറിപ്പിനെ ചോദ്യം ചെയ്ത് ‘ദിവ്യക്ക് ഔചിത്യബോധമില്ല’ എന്ന വി എം സുധീരന്റെ കമന്റിന് താഴെയാണ് ടി കെ പ്രഭാകരൻ അശ്ളീല പരാമർശം നടത്തിയത്. കോൺഗ്രസിന്റെ സംസ്‌കാരത്തിനും പാരമ്പര്യത്തിനും യോജിച്ചതല്ല പ്രഭാകരന്റെ കമന്റ് എന്ന് ബോധ്യപ്പെട്ടതുകൊണ്ടാണ് പാർട്ടിയിൽ നിന്ന് സസ്‌പെന്റ് ചെയ്തതെന്ന് ഡിസിസി അദ്ധ്യക്ഷൻ മുഹമ്മദ് ഷിയാസ് പറഞ്ഞു. പ്രഭാകരന്റെ കമന്റിന്റെ സ്‌ക്രീൻഷോട്ടുകൾ വ്യാപകമായി പ്രചരിക്കുകയും ജില്ലാ കമ്മിറ്റിക്ക് പരാതി ലഭിക്കുകയും ചെയ്തിരുന്നു. ഇതിൽ അന്വേഷണം നടത്തിയതിനുശേഷമാണ് നടപടി.
