പശ്ചിമബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിനുള്ള പരസ്യപ്രചാരണം നാളെ അവസാനിക്കും. ഭരണത്തുടർച്ച ലക്ഷ്യമിടുന്ന തൃണമൂൽ കോൺഗ്രസ്സും അധികാരം പിടിച്ചെടുക്കാൻ ശ്രമിക്കുന്ന ബിജെപിയും തമ്മിൽ അതിശക്തമായ പോരാട്ടമാണ് നടക്കുന്നത്. അതേസമയം, നിലവിൽ സംസ്ഥാന നിയമസഭയിൽ അംഗങ്ങളില്ലാത്ത സിപിഐഎം ഇത്തവണ ശക്തമായ തിരിച്ചുവരവിനുള്ള ശ്രമത്തിലാണ്.
തിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടാണ് ബി.ജെ.പിക്കായി വമ്പൻ പ്രചാരണ റാലികൾ നയിക്കുന്നത്. മറുഭാഗത്ത് മമതാ ബാനർജിയും തൃണമൂലിനായി സംസ്ഥാനത്തുടനീളം സജീവമാണ്. തിരഞ്ഞെടുപ്പ് സമാധാനപരമായി നടത്തുന്നതിനായി കടുത്ത സുരക്ഷാ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
തിരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടതനുസരിച്ച് 150 കമ്പനി കേന്ദ്ര സായുധ പോലീസ് സേന കൂടി സംസ്ഥാനത്തെത്തി. ആകെ 2,550 സേനാംഗങ്ങളെയാണ് വിവിധയിടങ്ങളിലായി വിന്യസിച്ചിരിക്കുന്നത്. ജമ്മു കശ്മീരിൽ നിന്ന് എത്തിച്ച പ്രത്യേക ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾ സംസ്ഥാനത്തിന്റെ കിഴക്കൻ മേഖലകളിൽ വിന്യസിച്ചു കഴിഞ്ഞു. വോട്ടെടുപ്പിന് മുന്നോടിയായി കേന്ദ്ര സായുധ പോലീസ് സേനയുടെ ഉന്നതതല യോഗം ചേർന്ന് സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തി.
