കൊച്ചിയില്‍ വന്‍ ലഹരി വേട്ട, 1500 കോടിയോളം വിലമതിക്കുന്ന 220 കിലോ ഹെറോയിനാണ് പിടികൂടിയത്. കോസ്റ്റ് ഗാര്‍ഡും റവന്യൂ ഇന്റലിജന്‍സും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഹെറോയിന്‍ കണ്ടെത്തിയത്. അഗത്തിക്കടുത്ത് പുറംകടലില്‍ നിന്നാണ് ബോട്ട് പിടികൂടിയത്. മലയാളികളും തമിഴ്‌നാട് സ്വദേശികളും അടക്കം 20 പേരാണ് ബോട്ടുകളിലുണ്ടായിരുന്നത്. ഇവരെ കസ്റ്റഡിയിലെടുത്തു. ഇവരില്‍ നാല് മലയാളികളും ഉള്‍പ്പെടുന്നുവെന്നാണ് വിവരം. ബാക്കിയുള്ളവര്‍ കുളച്ചല്‍ സ്വദേശികളാണ്. ഇവരെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.
തമിഴ് നാട്ടില്‍ നിന്നുള്ള രണ്ട് മത്സ്യ ബന്ധന ബോട്ടുകളിലായിരുന്നു ലഹരി മരുന്ന്. രണ്ട് ബോട്ടുകളും കുളച്ചലില്‍ നിന്നെത്തിയവയാണ്. ബോട്ടില്‍ പാക്കറ്റുകളായി സൂക്ഷിച്ച നിലയിലായിരുന്നു ഹെറോയിന്‍. പുറങ്കടലിലൂടെ നീങ്ങുന്നതിനിടെയാണ് പിടികൂടിയത്. റവന്യൂ ഇന്റലിജന്‍സിനു ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് പരിശോധന നടന്നത്. അടുത്ത കാലത്തായി പിടിക്കപ്പെട്ട ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇത്.
ലഹരിമരുന്ന് കൊണ്ടുവന്നത് പാകിസ്ഥാനില്‍ നിന്നെന്ന് കരുതുന്നതായി ഡി ആര്‍ ഐ വൃത്തങ്ങള്‍ അറിയിച്ചു, അഫ്ഗാനിസ്ഥാനില്‍ ഉല്‍പാദിപ്പിച്ച ഹെറോയിന്‍ ആണിത്, കപ്പലില്‍ പുറങ്കടലില്‍ എത്തിച്ചശേഷം ബോട്ടിലേക്ക് മാറ്റുകയായിരുന്നു, ഇത് ഏറ്റുവാങ്ങി മടങ്ങിയ സംഘത്തെയാണ് പിടികൂടിയത്. കന്യാകുമാരിയായിരുന്നു ബോട്ടിന്റെ ലക്ഷ്യമെന്ന് സൂചന. പിടിയിലായവര്‍ കന്യാകുമാരി സ്വദേശികളാണ്.