ഇറാനുമായി നല്ല നയതന്ത്ര, വാണിജ്യ ബന്ധമുള്ള രാജ്യമാണ് ഇന്ത്യ. ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ ദാരുണമായ വിയോഗം ഞെട്ടിക്കുന്നതാണെന്നും വിഷമിപ്പിക്കുന്നതാണെന്നും പ്രധാനമന്ത്രി മോദി വിശദമാക്കി. ഈ ദുരിത സമയത്ത് ഞങ്ങൾ ഇറാനിയൻ ജനതയോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നു എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിലൂടെ വ്യക്തമാക്കിയത്.ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഇന്നലെയുണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് കൊല്ലപ്പെട്ടത്. വിദേശകാര്യ മന്ത്രി ആമിർ ഹുസ്സൈൻ അമീർ അബ്ദുല്ലാഹിയും കൊല്ലപ്പെട്ടതായി ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 12 മണിക്കൂർ നീണ്ട ശ്രമത്തിലൂടെ അല്പം മുൻപ് രക്ഷാ പ്രവർത്തകർ സ്ഥലത്ത് എത്തിയെങ്കിലും ആരെയും ജീവനോടെ കണ്ടെത്താനായിരുന്നില്ല. ചില മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണെന്നും തിരിച്ചറിയാൻ കഴിയുന്നില്ലെന്നും രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.തകർന്ന ഹെലികോപ്റ്ററിന് അരികിൽ രക്ഷാപ്രവര്‍ത്തകരെത്തി നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നാണ് വിവരം. തകര്‍ന്ന ഹെലികോപ്ടറിന്‍റെ സമീപത്തുനിന്നുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. അസർബൈജാൻ അതിർത്തിക്ക് സമീപം ജോൽഫ നഗരത്തിലാണ് അപകടമുണ്ടായത്. ടെഹ്റാനിൽ നിന്ന് 600 കിലോ മീറ്റർ അകലെയാണ് ഈ സ്ഥലം. മോശം കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ തിരിച്ചിറക്കിയതാണെന്നാണ് ഇറാൻ വാർത്താ ഏജൻസി വിശദീകരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *