ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ട്രെയിനുകള്‍ അട്ടിമറിക്കാന്‍ ശ്രമം. ട്രാക്കുകളില്‍ ഇരുമ്പ് കമ്പികൊണ്ട് മരത്തടി കെട്ടിവച്ചാണ് ട്രെയിനുകള്‍ പാളം തെറ്റിക്കാന്‍ ശ്രമിച്ചത്. ദലേല്‍നഗര്‍ – ഉമര്‍ത്താലി റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലാണ് സംഭവം. ലോക്കോ പൈലറ്റിന്റെ ഇടപെടലാണ് അപകടം ഒഴിവാക്കിയത്.

ഡല്‍ഹിയില്‍ നിന്ന് അസമിലെ ദിബ്രുഡയിലേക്ക് പോകുകയായിരുന്ന രാജധാനി എക്സ്പ്രസ് ഉള്‍പ്പടെയുള്ള രണ്ട് ട്രെയിനുകള്‍ അട്ടിമറിക്കാനാണ് ശ്രമം നടന്നതെന്ന് പൊലീസ് പറയുന്നത്. തിങ്കളാഴ്ച വൈകുന്നേരം 5.45 ഓടെ ന്യൂഡല്‍ഹി-ദിബ്രുഗഡ് രാജധാനി എക്സ്പ്രസ് ലഖ്നൗവിലേക്ക് പോകുമ്പോഴാണ് ആദ്യ ശ്രമം നടന്നത്.

രാജധാനി എക്സ്പ്രസിലെ ലോക്കോ പൈലറ്റാണ് ട്രാക്കില്‍ മരത്തടികള്‍ കണ്ടത്.കൃത്യ സമയത്ത് ട്രെയിനുകള്‍ നിര്‍ത്തിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. ട്രെയിന്‍ നിര്‍ത്തിയിട്ട് ലോക്കോപൈലറ്റ് മരക്കഷണം നീക്കം ചെയ്ത് റെയില്‍വേ ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടര്‍ന്ന് പത്തുമിനിറ്റ് വൈകി ട്രെയിന്‍ യാത്ര പുനരാരംഭിച്ചു.

രാജധാനി എക്സ്പ്രസ് കടന്നുപോയ ഉടന്‍ തന്നെ, അതേ റൂട്ടിലൂടെ സഞ്ചരിച്ചിരുന്ന 15044 കാത്‌ഗോഡം-ലഖ്നൗ എക്സ്പ്രസ് പാളം തെറ്റിക്കാന്‍ ശ്രമം തുടര്‍ന്നെന്നും റെയില്‍വെ പറയുന്നു. മരത്തടി ട്രാക്കില്‍ കെട്ടവെച്ചായിരുന്നു അട്ടമറി ശ്രമമെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. ലോക്കോ പൈലറ്റ് മരത്തടി കണ്ടപ്പോള്‍ തന്നെ ട്രെയിന്‍ നിര്‍ത്തുകയും ട്രാക്കില്‍ നിന്ന് മരത്തടി മാറ്റിവെച്ച് യാത്ര തുടരുകയും ചെയ്തു.

സംഭവത്തില്‍ റെയില്‍വെയും ലോക്കല്‍ പൊലീസും അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *