തിരുവനന്തപുരം: 2026 ഓഗസ്റ്റ് 31-ന് കാലാവധി അവസാനിക്കുന്ന എല്ലാ പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെയും കാലാവധി 2026 നവംബര്‍ 30 വരെ നീട്ടാന്‍ പി.എസ്.സിക്ക് ശുപാര്‍ശ ചെയ്യുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ.

യു.ഡി.എഫ് പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ വിവിധ വകുപ്പുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്ന 2031-ന് മുന്‍പ് എല്ലാ വാഗ്ദാനങ്ങളും പാലിക്കാന്‍ ലക്ഷ്യമിട്ടുള്ള ‘വിഷന്‍ 2031’ പദ്ധതി നടപ്പാക്കും. ഇതിന്റെ ആദ്യഘട്ടമായി ജൂണ്‍ ഒന്ന് മുതല്‍ 100 ദിവസത്തെ കര്‍മ്മപരിപാടി ആരംഭിക്കും. വേഗത്തില്‍ തീര്‍പ്പാക്കാന്‍ കഴിയുന്ന വിഷയങ്ങള്‍ ഈ 100 ദിവസം കൊണ്ട് പരിഹരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പദ്മ പുരസ്‌കാരങ്ങള്‍ക്കുള്ള പേരുകള്‍ കേന്ദ്ര സര്‍ക്കാരിന് ശുപാര്‍ശ ചെയ്യുന്നതിനായി പ്രത്യേക സബ് കമ്മിറ്റി രൂപീകരിച്ചു. ഹൈക്കോടതിയിലെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലായി അഡ്വ. മുഹമ്മദ് ഷായെ നിയമിക്കും. കിഫ്ബിയുടെ പ്രവര്‍ത്തനം വിലയിരുത്തി തുടര്‍ നടപടി സ്വീകരിക്കും. കെ റെയിലിന്റെ പ്രവര്‍ത്തനവും വിലയിരുത്തും. ചികിത്സാപരമായ അനാസ്ഥ കാരണം മരണപ്പെട്ട കൊല്ലം സ്വദേശി വേണുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *