തിരുവനന്തപുരം: പന്ത്രണ്ടു ദിവസത്തെ വിദേശ സന്ദർശനം പൂർത്തിയാക്കി മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തി. യുഎഇയില്‍ നിന്നുള്ള വിമാനത്തിൽ വെളുപ്പിനാണു മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങിയത്. കഴിഞ്ഞ 8നു പുറപ്പെട്ട മുഖ്യമന്ത്രി യുഎസ്, ക്യൂബ, ദുബായ് എന്നിവിടങ്ങൾ സന്ദർശിച്ചു. ഈ രാജ്യങ്ങളിലെ സംഘടനകളുമായും നേതാക്കളുമായും കൂടിക്കാഴ്ചകള്‍ നടത്തുകയും പൊതുപരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
യുഎസിൽ ലോക കേരളസഭയുടെ മേഖലാ സമ്മേളനം, ടൈംസ് സ്ക്വയറിലെ പൊതുസമ്മേളനം, ലോകബാങ്ക് സന്ദർശനം എന്നിവയായിരുന്നു മുഖ്യ പരിപാടികൾ. ക്യൂബയിൽ പ്രസിഡന്റ് ഉൾപ്പെടെയുള്ള ഭരണാധികാരികളുമായി കൂടിക്കാഴ്ച നടത്തി. ദുബായിൽ കേരള സ്റ്റാർട്ടപ് മിഷന്റെ സ്റ്റാർട്ടപ് ഇൻഫിനിറ്റി സെന്റർ ഉദ്ഘാടനമായിരുന്നു പരിപാടി. മൂന്നു ദിവസമാണു ദുബായിലുണ്ടായിരുന്നത്.
