പെന്‍ഷന്‍ തട്ടിപ്പ് കേസില്‍ പ്രതിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് പഞ്ചായത്ത് അംഗത്വം രാജിവെച്ചു. മലപ്പുറം ആലംകോട് പഞ്ചായത്ത് അംഗം ഹക്കീം പെരുമുക്ക് ആണ് രാജി വെച്ചത്. ഒളിവില്‍ കഴിയുന്ന ഹക്കീം പെരുമുക്ക് തപാല്‍ മുഖേനയാണ് പഞ്ചായത്ത് ഓഫീസിലേക്ക് രാജി കത്ത് അയച്ചത്. യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ല സെക്രട്ടറി ആയിരുന്ന ഹക്കീം പെരുമുക്കിനെ കഴിഞ്ഞ ദിവസം പാര്‍ട്ടി പുറത്താക്കിയിരുന്നു.
ഹക്കീം പെരുമുക്ക് മരിച്ചയാളുടെ സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ തട്ടിയെടുത്തതായാണ് പരാതി. മലപ്പുറം ആലങ്കോട് സ്വദേശി പെരിഞ്ചിരിയില്‍ അബ്ദുള്ളയുടെ പെന്‍ഷനാണ് ഹക്കീം പെരുമുക്ക് തട്ടിയെടുത്തത്. അബ്ദുള്ള 2019 ഡിസംബര്‍ 17 ന് മരിച്ചിരുന്നു. സമയ ബന്ധിതമായി കുടുംബം പഞ്ചായത്തില്‍ നിന്ന് മരണ സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റിയിരുന്നില്ല. സര്‍ട്ടിഫിക്കറ്റിനായി വാര്‍ഡ് മെമ്പര്‍കൂടിയായ ഹക്കീമിനെ സമീപിച്ചെങ്കിലും തടസ്സങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞു മാറി. സംശയം തോന്നിയതോടെയാണ് കുടുംബം വിവരാവകാശം നല്‍കിയത്. 2020 സെപ്റ്റംബര്‍ മാസം വരെ പെന്‍ഷന്‍ കൈപ്പറ്റിയതായി വിവരാവകാശ രേഖയില്‍ വ്യക്തമായി. 2019 ഒക്ടോബര്‍ മുതല്‍ പെന്‍ഷന് വീട്ടില്‍ ലഭിച്ചിട്ടുമില്ല. മെബര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് കുടുബം പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നല്‍കുകയിരുന്നു.