കൊച്ചി: കുംഭമേളയിൽ വൈറലായ പെൺകുട്ടിയുടെ സുരക്ഷ ഉറപ്പാക്കാൻ കൊച്ചി സെൻട്രൽ പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയ്ക്ക് ഹൈക്കോടതി നിർദേശം നൽകി. തനിക്ക് ജീവന് ഭീഷണി ഉണ്ടെന്ന് കാണിച്ച് പെൺകുട്ടി സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതിയുടെ ഇടപെടൽ. മധ്യപ്രദേശിലേക്ക് തിരികെ പോയാൽ ദുരഭിമാനക്കൊലയ്ക്ക് ഇരയാകുമെന്ന് ഭയക്കുന്നതായും, കേരളത്തിൽ ആയതുകൊണ്ടാണ് താൻ സുരക്ഷിതയായിരിക്കുന്നതെന്നും പെൺകുട്ടി കോടതിയെ അറിയിച്ചു. പെൺകുട്ടിക്ക് പ്രായപൂർത്തിയായെന്നാണ് ഹർജിയിൽ അവകാശപ്പെടുന്നതെങ്കിലും, ഇത് മധ്യപ്രദേശ് സർക്കാർ നിഷേധിക്കുന്നു.

കഴിഞ്ഞ മാർച്ച് 11-ന് തിരുവനന്തപുരത്തെ അരുമാനൂർ ശ്രീ നൈനാർ ദേവ ക്ഷേത്രത്തിൽ വെച്ചായിരുന്നു പെൺകുട്ടിയുടെ വിവാഹം. വിവാഹസമയത്ത് 16 വയസ്സ് മാത്രമേ പെൺകുട്ടിക്ക് ഉണ്ടായിരുന്നുള്ളൂ എന്ന് ദേശീയ പട്ടിക വർഗ കമ്മീഷന്റെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. മധ്യപ്രദേശിലെ ആശുപത്രി രേഖകൾ പ്രകാരം 2009 ഡിസംബർ 30 ആണ് ജനന തീയതി. എന്നാൽ, തിരുവനന്തപുരത്ത് പൊലീസിന് നൽകിയ രേഖകളിൽ 2008 ജനുവരി ഒന്ന് എന്നാണ് ജനന തീയതി രേഖപ്പെടുത്തിയിരിക്കുന്നത്. പെൺകുട്ടി സമർപ്പിച്ച ഈ സർട്ടിഫിക്കറ്റ് വ്യാജമാണെന്നും കമ്മീഷൻ ആരോപിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *