കോഴിക്കോട്: കൊയിലാണ്ടി പൊയിൽകാവിൽ സ്ത്രീയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പൊയിൽകാവ് പാറക്കൽ താഴെ സ്വദേശിനി സുധയാണ് കൊല്ലപ്പെട്ടത്. കഴുത്തിനേറ്റ വെട്ടാണ് സുധയുടെ മരണകാരണമെന്നാണ് പ്രാഥമിക വിവരം. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഭർത്താവ് കുട്ടികൃഷ്ണനായി പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

വീടിന്റെ നിർമാണം നടക്കുന്നതിനാൽ സമീപത്തായി താൽക്കാലികമായി നിർമിച്ച ഒരു ഷെഡിനകത്താണ് ഈ ക്രൂരകൃത്യം നടന്നത്. ഇന്ന് രാവിലെ തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി ഫോട്ടോ എടുക്കാൻ എത്തിയവരാണ് സംഭവം ആദ്യം അറിഞ്ഞത്. വീട് അടഞ്ഞുകിടക്കുന്നത് കണ്ട് സുധയെ ഫോണിൽ വിളിച്ചപ്പോൾ വീടിനുള്ളിൽ തന്നെ ഫോൺ ബെല്ലടിക്കുകയായിരുന്നു. തുടർന്ന് മകൾ എത്തി വീട് തുറന്നു പരിശോധിച്ചപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന നിലയിൽ സുധയെ കണ്ടെത്തിയത്.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഫോറൻസിക് വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്ക്വാഡിലെ നായ വീട്ടിൽ നിന്ന് റോഡിലേക്ക് ഏകദേശം 200 മീറ്ററോളം ഓടി നിന്നു. റെയിൽവേ സ്റ്റേഷനുകളും ബസ് സ്റ്റാൻഡുകളും കേന്ദ്രീകരിച്ച് കുട്ടികൃഷ്ണന്റെ ഫോട്ടോ പ്രചരിപ്പിച്ചും ടവർ ലൊക്കേഷൻ പരിശോധിച്ചും ഇയാൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.

മരംവെട്ടു തൊഴിലാളിയായ കുട്ടികൃഷ്ണൻ സ്ഥിരമായി മദ്യപിച്ചെത്തി വീട്ടിൽ ബഹളം വെക്കാറുണ്ടായിരുന്നുവെന്ന് അയൽവാസികൾ പറയുന്നു. ഇവർക്ക് വിവാഹിതരായ രണ്ട് പെൺകുട്ടികളും വിദേശത്ത് ജോലി ചെയ്യുന്ന ഒരു മകനുമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *