മാവോയിസ്റ്റ് സംഘടനയുടെ വ്യാജ പേരില്‍ പ്രമുഖ വ്യവസായികള്‍ക്കും വന്‍കിട കോണ്‍ട്രാക്റ്റര്‍ക്കും പ്രമുഖ രാഷ്ട്രീയ നേതാവിനും കത്തയച്ച രണ്ട് പേരെ ഡിസ്ട്രിക്റ്റ് ക്രൈം ബ്രാഞ്ച് എ സി പി ടി.പി ശ്രീജിത്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡും ഡിസ്ട്രിക്റ്റ് ക്രൈം ബ്രാഞ്ചും ചേര്‍ന്ന് അറസ്റ്റ് ചെയ്തു. പറോപ്പടി തച്ചംക്കോട് വീട്ടില്‍ ഹബീബ് റഹ്‌മാന്‍ (46), കട്ടിപ്പാറ കളത്തിങ്ങല്‍ ഷാജഹാന്‍ (43) എന്നിവരാണ് അറസ്റ്റിലായത്.

ഇതാദ്യമായാണ് കോഴിക്കോട് സിറ്റിയില്‍ മാവോയിസ്റ്റ് സംഘടനയുടെ പേരില്‍ ഇത് പോലൊരു വ്യാജ കത്ത് ലഭിക്കുന്നത്. കേസിന്റെ ഗൗരവം കണക്കിലെടുത്ത് കോഴിക്കോട് ജില്ലാ പോലീസ് മേധാവി ഡി ഐ ജി എവി ജോര്‍ജ്ജ് ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം ഡി.സി.പി സ്വപ്നില്‍ മഹാജന്‍ ഐ പി എസിന്റെ കീഴില്‍ ഡിസ്ട്രിക്റ്റ് ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ ടി.പി ശ്രീജിത്തും ആന്റി നക്‌സല്‍ സ്‌ക്വാഡും രഹസ്യ അന്വേഷണം നടത്തിയിരുന്നു.

തുടര്‍ന്ന് കത്ത് വ്യാജമാണെന്ന് തിരിച്ചറിഞ്ഞ ശേഷം മെഡിക്കല്‍ കോളേജ് എസി പി കെ.സുദര്‍ശന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ഡിസ്ട്രിക്റ്റ് ക്രൈം ബ്രാഞ്ചും ചേര്‍ന്ന് അന്വേഷണം ആരംഭിച്ചശേഷമാണ് ഇവര്‍ അറസ്റ്റിലാവുന്നത്. പോലീസ് നടത്തിയ അന്വേഷണത്തില്‍ സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ഇവര്‍ സഞ്ചരിച്ച വാഹനം തിരിച്ചറിയുകയും വാഹന ഉടമയെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ഇപ്പോള്‍ വാഹനം ഉപയോഗിക്കുന്നവരെ കുറിച്ച് മനസ്സിലാക്കുകയും പ്രതികളിലേക്ക് എത്തിചേരുകയുമായിരുന്നു.

പ്രതികള്‍ പോകാന്‍ സാധ്യതയുള്ള പ്രദേശങ്ങളെല്ലാം തന്നെ പോലീസിന്റെ രഹസ്യ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെ ഷാജഹാന്‍ വാഹനവുമായി ഗോവയിലേക്ക് കടന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചു. അന്വേഷണം പിന്നീട് ഹബീബ് റഹ്‌മാനിലേക്ക് നീങ്ങുകയുമായിരുന്നു. തുടര്‍ന്ന് ഇയാളെ സിവില്‍ സ്റ്റേഷനടുത്ത് വെച്ച് കസ്റ്റഡിയിലെടുക്കുകയും ചോദ്യം ചെയ്ത ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

ഗോവ പോലീസുമായി ബന്ധപ്പെട്ടാണ് ഷാജഹാനെ അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘം അവിടെ നടത്തിയ അന്വേഷണത്തില്‍ ഷാജഹാന്‍ കോഴിക്കോട്ടേക്ക് വന്നതായും അറിയാന്‍ കഴിഞ്ഞു. ഇയാളെ പിന്നീട് വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തി. കത്ത് പോസ്റ്റ് ചെയ്യാന്‍ ഇവര്‍ സഞ്ചരിച്ച ആഡംബര വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.

കണ്‍സ്ട്രക്ഷന്‍ മേഖലയില്‍ വന്നിട്ടുള്ള വന്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ തരണം ചെയ്യുന്നതിനായി ഉയര്‍ന്ന സാമ്പത്തിക നിലവാരമുള്ള വ്യക്തികള്‍ക്ക് മാവോയിസ്റ്റ് സംഘടനകളുടെ പേരില്‍ വ്യാജ ഭീഷണി കത്തുകള്‍ അയച്ച് പണം സമ്പാദിക്കുകയായിരുന്നു ലക്ഷ്യമെന്ന് ഇവര്‍ ചോദ്യം ചെയ്യലില്‍ പോലീസിനോട് സമ്മതിച്ചു.

കോഴിക്കോട്, മലപ്പുറം ജില്ലകളിലായി നിരവധി ചെക്ക് കേസുകളില്‍ പ്രതിയായിട്ടുള്ള ഹബീബ് റഹ്‌മാനാണ് ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് മാവോയിസ്റ്റ് പോസ്റ്ററുകളുടെ രീതി മനസ്സിലാക്കിയ ശേഷം മലാപ്പറമ്പ് ഹൗസിങ് കോളനിയിലെ ഹബീബിന്റെ ഓഫീസില്‍ വെച്ച് നാലു കത്തുകളും സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയത്. ഇതിനായി ബന്ധുവായ ഷാജഹാനെ കൂട്ടുപിടിക്കുകയുമായിരുന്നു. കത്തുകള്‍ പോസ്റ്റ് ചെയ്തത് ഷാജഹാന്‍ ആയിരുന്നു. മുന്‍കൂട്ടി നിശ്ചയിച്ചതു പ്രകാരം ഹബീബും ഷാജഹാനും താമരശ്ശേരിയില്‍ വച്ച് കണ്ടുമുട്ടി. കോഴിക്കോട് നിന്നും തന്റെ സ്വിഫ്റ്റ് കാറിലാണ് ഹബീബ് താമരശ്ശേരി യില്‍ എത്തിയത്. അവിടെ നിന്നും പോലീസിനെ കബളിപ്പിക്കാനായി ബെന്‍സ് കാറില്‍ യാത്ര തുടരുകയും ശേഷം ചുണ്ടേല്‍ പോസ്റ്റ് ഓഫീസില്‍ ചെന്ന് ഷാജഹാന്‍ കത്തുകള്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു.

കത്ത് പോസ്റ്റ് ചെയ്ത ശേഷം ഹബീബ് റഹ്‌മാന്‍ കോഴിക്കോട്ടെക്ക് തിരിച്ച് വരികയും അടുത്ത ദിവസം വീണ്ടും ചുണ്ടേല്‍ പോവുകയും കത്ത് ലഭിച്ചോ എന്ന് വ്യക്തത വരുത്തുന്നതിനായി വ്യവസായിയെ വിളിച്ച് പണം ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു.

മൂന്ന് കത്തുകള്‍ കോഴിക്കോട് ജില്ലയിലും ഒരു കത്ത് മലപ്പുറം ജില്ലയിലെ രാഷ്ട്രീയ പ്രമുഖനുമായിരുന്നു. അങ്ങനെ നാല് പേരില്‍ നിന്നുമായി പതിനൊന്നു കോടി രൂപയാണ് പ്രതികള്‍ ആവശ്യപ്പെട്ടത്. നേരിട്ട് വയനാട്ടിലേക്ക് യാത്ര ചെയ്യാതിരുന്നതിനാലും യാത്രയ്ക്കിടെ വാഹനങ്ങള്‍ മാറ്റിയതിനാലും പോലീസിന് പിടിക്കാന്‍ കഴിയില്ലെന്നാണ് ഹബീബ് ഷാജഹാനോട് പറഞ്ഞത്.

കോഴിക്കോട് സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം.ഷാലു, എ പ്രശാന്ത് കുമാര്‍, ഷാഫി പറമ്പത്ത്, ശ്രീജിത്ത് പടിയാത്ത്, സുമേഷ് ആറോളി, എന്നിവരെ കൂടാതെ ഡി.സി.ബിയിലെ സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ പി.അബ്ദുള്‍ അസീസ്,

കെ സി നിര്‍മ്മലന്‍ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വി.സൂരജ് കുമാര്‍ എന്നിവരും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *