ആയൂര്‍ മാര്‍ത്തോമ കോളേജില്‍ നീറ്റ് പരീക്ഷയെഴുതാനെത്തിയ വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ചുവയ്പ്പിച്ച സംഭവം അന്വേഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിച്ച് എന്‍ടിഎ. ഡോ. സാധന പരഷാര്‍, ഒ ആര്‍ ഷൈലജ, സുചിത്ര ഷൈജിന്ത് എന്നിവരാണ് അംഗങ്ങള്‍. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം എന്‍ടിഎ സമിതിയെ നിയോഗിച്ചത്. നാല് ആഴ്ച്ചയ്ക്കം സമിതി റിപ്പോര്‍ട്ട് നല്‍കണം.
അതേസമയം, വിദ്യാര്‍ത്ഥിനികളുടെ അടിവസ്ത്രം അഴിച്ചുവയ്പ്പിച്ച സംഭവത്തില്‍ പരിശോധന ചുമതലമുണ്ടായിരുന്ന സ്വകാര്യ ഏജന്‍സിക്കെതിരെ അറസ്റ്റിലായ ശുചീകരണ തൊഴിലാളികള്‍ രംഗത്തെത്തി. ഏജന്‍സിയിലെ ജീവനക്കാരുടെ നിര്‍ദ്ദേശപ്രകാരമാണ് അടിവസ്ത്രം അഴിപ്പിച്ചതെന്ന് ഇവര്‍ ആരോപിച്ചു. കുട്ടികള്‍ക്ക് വസ്ത്രം മാറാന്‍ മുറി തുറന്നുകൊടുക്കുക മാത്രമാണ് ചെയ്തതെന്നും കോളേജിലെ ശുചീകരണ തൊഴിലാളികള്‍ പറയുന്നു.
സംഭവത്തില്‍ അഞ്ച് ജീവനക്കാരെയാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. പരീക്ഷാകേന്ദ്രമായ ആയൂര്‍ മാര്‍ത്തോമ കോളേജ് ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ജീവനക്കാരായ വാളകം കമ്പംകോട് മുട്ടുകോണത്ത് പുളിയറ പുത്തന്‍വീട്ടില്‍ എസ്.മറിയാമ്മ (46), ഇടമുളയ്ക്കല്‍ പെരുങ്ങള്ളൂര്‍ വട്ടയംതുണ്ടില്‍ പടിഞ്ഞാറ്റതില്‍ കെ.മറിയാമ്മ (45), ഏജന്‍സി ജീവനക്കാരായ ചടയമംഗലം കല്ലുമല രേവതിയില്‍ ഗീതു (27), കോട്ടുക്കല്‍ മഞ്ഞപ്പാറ ജിജിവിലാസത്തില്‍ ബീന (34), മഞ്ഞപ്പാറ കടുത്താനത്ത് ഹൗസില്‍ ജ്യോത്സ്‌ന (21) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കല്‍ (ഐ.പി.സി – 354), മാനഹാനി വരുത്തല്‍ (ഐ.പി.സി- 509) വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തത്. കൂടുതല്‍ പേരെ പിടികൂടാനുണ്ടെന്നും, അതുവരെ ജാമ്യം നല്‍കരുതെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം.
