വിവാദങ്ങള്‍ക്ക് വഴിവെച്ച കെ കെ രമയ്ക്കെതിരായ പരാമര്‍ശം പിന്‍വലിച്ച് എം എം മണി. ഇന്ന് നിയമസഭയില്‍ സ്പീക്കര്‍ എം ബി രാജേഷിന്റെ റൂളിങിന് പിന്നാലെയാണ് എം എം മണി പരാമര്‍ശം തിരുത്തിയത്.
എംഎം മണിയുടെ പരാമര്‍ശത്തില്‍ തെറ്റായ ഭാഗങ്ങള്‍ അന്തര്‍ലീനമായിട്ടുണ്ട്, അതൊട്ടും പുരോഗമനപരമായ നിലപാടല്ലെന്ന് സ്പീക്കര്‍ എംബി രാജേഷ് സഭയില്‍ അഭിപ്രായപ്പെട്ടിരുന്നു. ഒരു വാക്കിന് തന്നെ പല സാഹചര്യത്തില്‍ പല അര്‍ത്ഥങ്ങളാവും, എല്ലാ ആളുകള്‍ക്കും അത് ഉള്‍ക്കൊള്ളാനായിട്ടില്ലെന്നും സ്പീക്കര്‍ നിരീക്ഷിച്ചു. ഇതിന് പിന്നാലെയാണ് എംഎം മണി പരാമര്‍ശം പിന്‍വലിച്ചത്.
കമ്മ്യൂണിസ്റ്റായ താന്‍ വിധി എന്ന വാക്ക് പറയാന്‍ പാടില്ലായിരുന്നു എന്ന് എം എം മണി വ്യക്തമാക്കി. സ്പീക്കറുടെ നിരീക്ഷണത്തെ മാനിക്കുന്നു. പ്രസംഗത്തിന്റെ ഉദ്ദേശശുദ്ധി അപ്പോള്‍ തന്നെ വ്യക്തമാക്കാന്‍ ശ്രമിച്ചെങ്കിലും ബഹളത്തില്‍ അത് മുങ്ങിപ്പോയി. ആരെയും അപമാനിക്കാന്‍ ഉദ്ദേശിച്ചല്ല പരാമര്‍ശം നടത്തിയതെന്ന് നേരത്തെ പറഞ്ഞിരുന്നു, അത് രേഖകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. കമ്മ്യൂണിസ്റ്റുകാരനായ താന്‍ ഈ പരാമര്‍ശം നടത്തരുതായിരുന്നു, ഒഴിവാക്കേണ്ടതായിരുന്നു. ഈ പരാമര്‍ശം പിന്‍വലിക്കുകയാണെന്നും എം എം മണി നിയമസഭയില്‍ പറഞ്ഞു.
