കഴുത്തിന് മുൻപിലും പിൻഭാഗത്തും 18 കത്തിക്കുത്തുകൾ

കോഴിക്കോട്: പാളയം സ്വദേശി ബിജുവിന്റേത് അരുംകൊല. ബിജുവിന്റെ ശരീരത്തിലാകെ 45 മുറിവുകളുണ്ടായിരുന്നതായാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കഴുത്തിന്റെ മുന്‍പിലും പിന്‍ഭാഗത്തും 18 കത്തിക്കുത്തുകളുണ്ടായിരുന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കിച്ചണ്‍ നൈഫ് ഉപയോഗിച്ചാവാം കൊലപാതകമെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. പ്രതിക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. പാളയം പച്ചക്കറി മാര്‍ക്കറ്റിലെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇത് വിശദമായി പരിശോധിച്ചുവരികയാണ്.

ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് പാളയത്തെ ഒറ്റമുറി വീട്ടില്‍ ബിജുവിനെ മരിച്ച രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തിയത്. അമ്മയാണ് ബിജുവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് പ്രദേശവാസികളെയും ബന്ധുക്കളെയും വിവരമറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയില്‍ ബിജുവിന്റേത് കൊലപാതകമാണെന്ന് വ്യക്തമായിരുന്നു.

കൊലപാതകത്തിന് പിന്നില്‍ ലഹരി സംഘങ്ങളാണെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. പ്രദേശത്ത് ലഹരി സംഘം സജീവമായിരുന്നുവെന്നും ഇതിനെ ബിജു ചോദ്യം ചെയ്തിരുന്നുവെന്നും അമ്മ പറഞ്ഞിരുന്നു. വീടിനോട് ചേര്‍ന്നുള്ള ഗ്രൗണ്ടില്‍ പരസ്യ മദ്യപാനത്തിനായി എത്തുന്നവരെ കുറിച്ചുള്ള വിവരങ്ങള്‍ ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി ബിജു പൊലീസിനെ അറിയിച്ചിരുന്നുവെന്നും കുടുംബം പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നുള്ള വൈരാഗ്യമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് സംശയിക്കുന്നതായും കുടുംബം വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *