കൊല്ലത്ത് തീരദേശറോഡിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ദുരൂഹത. കടല്‍കയറ്റം തടയുന്നതിന് കടലോരത്ത് റോഡിനോടുചേര്‍ന്ന് നിരത്തിയ കൂറ്റന്‍ ടെട്രാപോഡിലേക്ക് മറിഞ്ഞുകിടക്കുന്ന നിലയിലായിരുന്നു ബൈക്കും മൃതദേഹങ്ങളും.എന്നാല്‍ കോണ്‍ക്രീറ്റ് നിര്‍മിത ടെട്രാപോഡിലേക്ക് ഇടിച്ചുകയറിയ നാശങ്ങളൊന്നും ബൈക്കിന്റെ മുന്‍ഭാഗത്തോ വശത്തോ ഇല്ലായിരുന്നു. പിന്‍ഭാഗത്തുമാത്രമാണ് ബൈക്കിന് നാശമുണ്ടായിട്ടുള്ളത്. അതു ചൂണ്ടിക്കാട്ടിയാണ് ബന്ധുക്കളും നാട്ടുകാരും അപകടത്തില്‍ ദുരൂഹത ആരോപിക്കുന്നത്.തീരദേശറോഡിൽ മയ്യനാട് താന്നി ബീച്ചിന് സമീപത്താണ് അപകടം ഉണ്ടായത്. പരവൂർ സ്വദേശികളും മൽസ്യത്തൊഴിലാളികളുമായ അൽഅമീൻ, മാഹിൻ, സുധീർ എന്നിവരാണ് അപകടത്തിൽ മരിച്ചത്.അപകടത്തിന്റെ കൂടുതൽ ദൃശ്യങ്ങൾ തേടി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സംഭവ സ്ഥലം കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ സന്ദർശിച്ചു. പൊലീസിന്‍റെ ശാസ്ത്രീയ പരിശോധനവിഭാഗവും സ്ഥലത്തെത്തി തെളിവുകളെടുത്തിട്ടുണ്ട്. പുലര്‍ച്ചെ തീരദേശറോഡുവഴി കടന്നുപോയിട്ടുള്ള വാഹനങ്ങളുടെ വിവരങ്ങള്‍ തീരദേശറോഡിന് സമീപത്തെ നിരീക്ഷണ ക്യാമറകളില്‍നിന്ന് പോലീസ് ശേഖരിക്കുന്നുണ്ട്. മരിച്ച മൂന്നുപേരില്‍ അമീൻ എന്നയാളുടെ ബൈക്കാണ് അപകടത്തില്‍പ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *