ഓണം എത്താറായതോടെ കേരളത്തില്‍ അരി വില കുതിച്ചുയരുന്നു. പൊന്നി ഒഴികെയുള്ള എല്ലാ ഇനം അരികള്‍ക്കുമാണ് ഇത്തവണ വില ഉയര്‍ന്നിട്ടുള്ളത്. ജയ അരിക്കും ജ്യോതി അരിക്കും പത്ത് രൂപ വര്‍ദ്ധിച്ചപ്പോള്‍ ഉണ്ട മട്ടയ്ക്ക് ആറ് രൂപയാണ് കൂടിയത്. സുരേഖ, സോണ്‍ മസൂരി ഇനങ്ങള്‍ക്കും വില വര്‍ദ്ധിച്ചു. ആന്ധ്രാപ്രദേശില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും അരി വരവ് കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. ആന്ധ്രയില്‍ സര്‍ക്കാര്‍ ന്യായ വിലയ്ക്ക് അരി സംഭരിക്കാന്‍ തുടങ്ങിയത് കേരളത്തെ ബാധിച്ചിട്ടുണ്ട്.

സുരേഖ, മന്‍സൂരി, മട്ട എന്നിവയും വിലക്കയറ്റത്തിന്റെ പാതയിലാണ്. മട്ട അരിക്ക് 46 രൂപയും ബ്രാന്‍ഡഡ് മട്ടയ്ക്ക് 48 രൂപയുമാണ് വിപണി വില. അരിയുടെ വിലയ്ക്ക് പുറമേ, അവല്‍, പച്ചരി, അരിപ്പൊടി എന്നിവയ്ക്കും വില കുതിച്ചുയര്‍ന്നിട്ടുണ്ട്.

ഓണക്കാലത്തെ കച്ചവടം ലക്ഷ്യം വച്ച് കേരളത്തിലെ വ്യാപാരികള്‍ അരി സംഭരിച്ച് വയ്ക്കുന്നതും വിലക്കയറ്റത്തിന് കാരണമാകുന്നുണ്ട്. വിലക്കയറ്റം തടയാന്‍ ആവശ്യമായ ഇടപടെല്‍ സര്‍ക്കാര്‍ വിപണിയില്‍ നടത്തുമെന്നാണ് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി.ആര്‍ അനിലിന്റെ പ്രതികരണം. സപ്ലൈകോ ഔട്ട് ലെറ്റുകളിലൂടെ വില്‍പ്പന നടത്താനുള്ള അരിയുടെ ലഭ്യത ഉറപ്പാക്കിയിട്ടുണ്ടെന്നും മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *