കോഴിക്കോട് : അത്തോളി കൂമുള്ളിയില്‍ ജനവാസ മേഖലയില്‍ കടുവയെ കണ്ടെന്ന് സംശയം. ഇന്നലെ രാത്രിയാണ് വന്യജീവിയെ വിദ്യാര്‍ത്ഥി കണ്ടത്. വനപാലകരടക്കം തെരച്ചില്‍ നടത്തിയെങ്കിലും കടുവയുടേതെന്ന് കരുതുന്ന അടയാളങ്ങള്‍ കണ്ടെത്താനായില്ല. വിദ്യാര്‍ത്ഥി എടുത്ത ഫോട്ടോ പരിശോധിച്ചതില്‍ നിന്നും കടുവ അല്ലെന്ന് പറയാനും കഴിയാത്ത അവസ്ഥയിലാണ് വനപാലകര്‍.

കൂമല്ലൂരില്‍ ഗിരീഷ് പുത്തഞ്ചേരി റോഡിന് സമീപം ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് ജീവിയെ കണ്ടത്. തോട്ടത്തില്‍ സെയ്ദിന്റെ വീടിന് മുന്നില്‍ കടുവ നില്‍ക്കുന്നതായി അയല്‍ വാസിയായ സായ് സൂരജിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഭയന്ന് അകത്തേക്ക് ഓടുന്നതിനിടെ സൂരജ് മൊബൈലില്‍ ചിത്രവും എടുത്തു.

നാട്ടുകാര്‍ വിവരമറിയിച്ചതോടെ കക്കയം, പെരുവണാമുഴി ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥരും ആര്‍ആര്‍ടി സംഘവും പ്രദേശത്ത് വിശദമായി പരിശോധന നടത്തി. കടുവയുടെ കാല്‍പാട് കണ്ടെത്താനായില്ല. എന്നാല്‍ കടുവ അല്ലെന്ന് ഉറപ്പിക്കാനും വനംവകുപ്പ് അധികൃതര്‍ തയ്യാറായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *