ലബനനിലെ പേജർ സ്ഫോടനത്തിൽ അന്വേഷണം മലയാളിയുടെ കമ്പനിയിലേക്ക്. നോർവേ പൗരത്വമുള്ള മലയാളി റിൻസൺ ജോണിന്റെ കമ്പനിയെ കുറിച്ചാണ് അന്താരാഷ്ട്ര തലത്തിൽ അന്വേഷണം നടക്കുന്നത്. പേജറുകൾ വാങ്ങാനുള്ള സാമ്പത്തിക ഇടപാടിൽ ഇയാളുടെ കമ്പനി ഉൾപ്പെട്ടെന്ന് സംശയിക്കുന്നതായാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സ്ഫോടക വസ്തുക്കൾ പേജറിലേക്ക് എവിടെ നിന്നാണ് നിറച്ചതെന്നതടക്കം ഇപ്പോഴും അജ്ഞാതമാണ്. ഇതുമായി ബന്ധപ്പെട്ട അന്വേഷണം നടക്കുന്നതിനിടെയാണ് ഹിസ്ബുളള പേജറുകൾ വാങ്ങിയതിലെ സാമ്പത്തിക ഇടപാട് വിവരങ്ങൾ പുറത്ത് വരുന്നത്. സാമ്പത്തിക ഇടപാടുകളാണെന്നും സ്ഫോടനവുമായി റിൻസൺ ജോണിന് നേരിട്ട് ബന്ധമുള്ളതായി തെളിവില്ലെന്ന് അന്വേഷണ ഏജൻസികളും വ്യക്തമാക്കുന്നു. തായ്വാൻ കമ്പനിയുടെ പേരിലുളള പേജറുകളാണ് കഴിഞ്ഞ ദിവസങ്ങളിൽ ലബനനിൽ പൊട്ടിത്തെറിച്ചത്. എന്നാൽ തങ്ങൾ പേജറുകൾ നിർമ്മിച്ചിട്ടില്ലെന്നും കമ്പനി ലോഗോ ഉപയോഗിക്കാനുളള അവകാശം ഹംഗേറിയൻ കമ്പനിക്ക് നൽകിയെന്നുമാണ് തായ്വാൻ കമ്പനി വിശദീകരിച്ചത്. ഇതനുസരിച്ച് ഹംഗേറിയൻ കമ്പനിയുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി. തങ്ങൾ പേജറുകൾ നിർമ്മിച്ചിട്ടില്ലെന്നും നോർവീജിയൻ കമ്പനിക്ക് ഉപ കരാർ നൽകിയിരുന്നുവെന്നുമാണ് ഹംഗേറിയൻ കമ്പനി മറുപടി നൽകിയത്. അങ്ങനെയാണ് അന്വേഷണം നോർവയിലേക്കും അവിടെ നിന്നും ബൾഗേറിയയിൽ കമ്പനിയുളള മലയാളിയിലേക്കും എത്തിയത്. ബൾഗേറിയയിൽ രജിസ്റ്റർ ചെയ്ത കമ്പനിയാണ് റിൻസൺ ജോണിന്റേത്. ബൾഗേറിയൻ തലസ്ഥാനമായ സോഫിയയിലാണ് കമ്പനി പ്രവർത്തിക്കുന്നത്. ഈ കമ്പനിയാണ് പണം ഹംഗറിയിലുളള മറ്റൊരു കമ്പനിയിലേക്ക് നൽകിയത്. റിൻസൺ ജോണിന്റെ കമ്പനിയെ കുറിച്ച് വിശദമായ അന്വേഷണം തുടങ്ങിയതായി ബൾഗേറിയൻ അധികൃതർ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ആരോപണത്തെ കുറിച്ച് റിൻസൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *