സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്ന പശ്ചാത്തലത്തിൽ ഏഴ് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഇന്ന് ജാഗ്രതാ നിർദേശം നൽകിയിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. ഇതിനുപുറമേ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ തുടങ്ങിയ ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറിൽ ഇടിമിന്നലോടുകൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത അഞ്ച് ദിവസത്തെ പ്രവചനപ്രകാരം സെപ്റ്റംബർ 20-ന് തിരുവനന്തപുരം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂർ ജില്ലകളിലും, സെപ്റ്റംബർ 24-ന് കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലുമാണ് മഴ മുന്നറിയിപ്പുള്ളത്. അതേസമയം, സംസ്ഥാനത്ത് ഇതുവരെ 28 ശതമാനം മഴയുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. മഴയ്ക്കൊപ്പം ചിലേടങ്ങളിൽ ശക്തമായ ചൂട് തുടരുന്നുണ്ടെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിക്കുന്നുണ്ട്. ഇതിനിടയിൽ പെയ്ത ശക്തമായ മഴയെ തുടർന്ന് ഇരുവഴിഞ്ഞിപ്പുഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടാവുകയും, വിനോദയാത്രാ സംഘത്തിലെ യുവതിയെ കാണാതാവുകയും ചെയ്ത സംഭവത്തിൽ തെരച്ചിൽ തുടരുകയാണ്.
മഴ മുന്നറിയിപ്പിനൊപ്പം കേരള തീരത്ത് കള്ളക്കടൽ ജാഗ്രതാ നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലെ വിവിധ തീരപ്രദേശങ്ങളിൽ 21/09/2026 രാത്രി 08.30 വരെ 0.8 മുതൽ 1.5 മീറ്റർ വരെ ഉയർന്ന തിരമാലകൾക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം മുന്നറിയിപ്പ് നൽകി. കടൽക്ഷോഭത്തിന് സാധ്യതയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.
