കൊല്ലം: കിളികൊല്ലൂരിൽ സഹോദരങ്ങളെ പൊലീസ് സ്റ്റേഷനിൽ വെച്ച് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ കൂടുതൽ നടപടി. കേസിൽ ഉൾപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ ഉൾപ്പെടെ നാല് പേരെ സസ്‌പെൻഡ് ചെയ്ത് ഡിജിപി പി പ്രകാശ് ഉത്തരവിറക്കി. എസ്എച്ച്ഒ വിനോദ്, എസ്‌ഐ അനീഷ്, ഗ്രേഡ് എസ്‌ഐ പ്രകാശ്, സിവിൽ പൊലീസ് ഓഫീസർ മണികണ്ഠൻപിള്ള എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. വിനോദ് ഒഴികെയുള്ളവരെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. വകുപ്പ് തല അന്വേഷണത്തിന്റെ ഭാഗമായി വിനോദിനോട് സ്റ്റേഷൻ ചുമതലകളിൽ നിന്നും വിട്ടുനിൽക്കാൻ തിരുവനന്തപുരം റേഞ്ച് ഐജി നിർദേശശിക്കുകയായിരുന്നു. പിന്നാലെയാണ് സസ്‌പെൻഷൻ നടപടി.

പൊലീസ് സ്റ്റേഷനിൽ വെച്ച് സൈനികനെയും സഹോദരനെയും ക്രൂരമായി മർദ്ദിച്ചെന്ന് ആഭ്യന്തര അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എംഡിഎംഎ കേസ് പ്രതികളെ കാണാൻ വന്ന സൈനികനും സഹോദരനുമാണ് മർദ്ദനമേൽക്കേണ്ടി വന്നത്. ഇവർ പൊലീസിനെ ആക്രമിച്ചെന്ന പേരിൽ ഉദ്യോഗസ്ഥർ കേസ് രജിസ്റ്റർ ചെയ്തിരുന്നുവെങ്കിലും കേസ് വ്യാജമാണെന്ന് സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. കൊല്ലം സ്‌പെഷ്യൽ ബ്രാഞ്ച് എസിപി നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് പൊലീസിന് വീഴ്ചയുണ്ടായതായി കണ്ടെത്തിയത്.

സൈനികനായ വിഷ്ണു വിവാഹത്തിനായി നാട്ടിലെത്തിയ സമയത്താണ് കിളികൊല്ലൂർ പൊലീസിന്റെ ക്രൂരത അരങ്ങേറിയത്. എംഡിഎംഎയുമായി നാലുപേർ പിടിയിലായ സംഭവത്തിൽ ഒരാൾക്ക് ജാമ്യം എടുക്കാനായാണ് സൈനികന്റെ സഹോദരൻ വിഘ്‌നേഷിനെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. എന്നാൽ മയക്കുമരുന്ന് കേസാണെന്ന് അറിഞ്ഞതോടെ വിഘ്‌നേഷ് ജാമ്യം നിൽക്കാൻ തയ്യാറായില്ല. തുടർന്ന് സ്റ്റേഷന് പുറത്തേക്ക് പോയ വിഘ്‌നേഷും ഒരു പൊലീസുകാരനും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനിടെ വിഷ്ണുവും ഇവിടേക്കെത്തി. തുടർന്നാണ് രണ്ടുപേരെയും പൊലീസുകാർ സ്റ്റേഷനകത്തേക്ക് കൊണ്ടുപോയി ക്രൂരമായി മർദിച്ചത്.

പിന്നീട് പൊലീസുണ്ടാക്കിയ തിരക്കഥ ഇങ്ങനെ- എംഡിഎംഎ കേസിലെ പ്രതികൾക്കായി സ്റ്റേഷനിലെത്തിയ സഹോദരങ്ങൾ പൊലീസിനെ ആക്രമിച്ചെന്നും എഎസ്‌ഐയെ പരുക്കേൽപ്പിച്ചെന്നുമായിരുന്നു. ഇത് സംബന്ധിച്ച വാർത്താ കുറിപ്പും പുറത്തിറക്കി.12 ദിവസമാണ് സൈനികനായ വിഷ്ണുവിനും വിഘ്‌നേഷിനും ജയിലിൽ കഴിയേണ്ടിവന്നത്. ജാമ്യത്തിൽ ഇറങ്ങിയ ഇരുവരും മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയിൽ നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ പൊലീസുണ്ടാക്കിയ നാടകമാണ് നിരപരാധികളെ കുടുക്കിയതെന്ന് തെളിഞ്ഞു. സ്റ്റേഷനിൽ നടന്നത് മൂന്നാം മുറയാണെന്ന് വിഘ്‌നേഷ് പറഞ്ഞു. സ്റ്റേഷനിൽ നടന്നത് ക്രൂരമായ പീഡനമാണെന്ന് ബോധ്യമാകുന്നതാണ് ഇവരുടെ ശരീരത്തെ പാടുകൾ. സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളടക്കം അന്വേഷണത്തിനിടെ പരിശോധിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *